ഭുവനേശ്വര്‍: വിമർശനങ്ങൾക്കിടയിലും നൂറ് കോടി കലക്ഷൻ നേടി മുന്നേറുകയാണ് പ്രഭാസ് ചിത്രം ‘ദ് രാജാസാബ്’. തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കി മാറ്റുകയാണ് ആരാധകര്‍. ഇപ്പോഴിതാ ആരാധകരുടെ കൈവിട്ട കളി എത്തിയിരിക്കുന്നത് തീപിടിത്തത്തില്‍.
ഒഡീഷയിലെ റായഗദ്ദ അശോക ടോക്കീസിലാണ് സംഭവം. ചിത്രത്തിലെ പ്രഭാസിന്റെ എൻട്രിക്ക് ആരതി ഉഴിയാനുള്ള ശ്രമത്തിലായിരുന്നു ആരാധകര്‍. ഇതിനിടെ ചെറുപടക്കങ്ങളും പൊട്ടിച്ചു. ഇതോടെയാണ് തിയേറ്ററിനുള്ളിൽ തീപ്പിടിത്തമുണ്ടായത്. ആരാധകർ തന്നെ ഇത് കെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ, പുറത്തുവന്ന വീഡിയോയില്‍ കാണാം.
സ്ക്രീനിന് തൊട്ടുമുന്നിൽ നിന്നാണ് തീ ഉയരുന്നത്. ഇതോടെ പലരും സിനിമാ ഹാളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. തീ പെട്ടെന്ന് അണച്ചതിനാൽ ആർക്കും പരിക്കേറ്റില്ല. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ഹൊറർ ഫാന്റസി ചിത്രമെന്ന വിശേഷണത്തോടെ എത്തിയ സിനിമ സംവിധാനം ചെയ്തത് മാരുതിയാണ്. മാളവിക മോഹനൻ, നിഥി അഗർവാൾ, റിദ്ധി കുമാർ എന്നിവർ നായികമാരാകുന്നു.


