ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന് അഭിനന്ദനവുമായി ബോളിവുഡ് നടി റാണി മുഖര്‍ജി. സുഹൃത്തും നടനുമായ പൃഥ്വിരാജിന് അയച്ച സന്ദേശത്തിലാണ് റാണി സിനിമയോടുള്ള തന്റെ ഇഷ്ടം അറിയിച്ചത്. റാണി അയച്ച സന്ദേശം പൃഥ്വിരാജ് ജിയോ ബേബിക്ക് കൈമാറി. ഈ സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് സംവിധായകന് തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.
‘പൃഥ്വി, ഇത് റാണിയാണ്. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന സിനിമ കണ്ടു. ഏറെ മികച ചിത്രമാണ്. അടുത്ത കാലത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ മഹത്തായ ഒന്നാണത്. എനിക്ക് സിനിമ ഏറെ ഇഷ്ടപ്പെട്ടുവെന്ന് താങ്കള്‍ സംവിധായകനെ അറിയിക്കാമോ? നിങ്ങളുടെ പേര് ഉയന്നുകണ്ടതു കൊണ്ടാണ് നിങ്ങള്‍ വഴി ഇത് അറിയിക്കുന്നത്, ഏറെ മികച്ചതാണ് ഈ ചിത്രം. താങ്കള്‍ സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു, കുഞ്ഞിന് സ്നേഹം അറിയിക്കുന്നു. ഉടന്‍ സംസാരിക്കാം.’- ഇങ്ങനെയായിരുന്നു റാണി മുഖര്‍ജിയുടെ സന്ദേശം.
‘ഹായ് ജിയോ, ഇത് പൃഥ്വിരാജാണ്. റാണി മുഖര്‍ജി നിങ്ങളുടെ സിനിമ കണ്ടിരുന്നു. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ കുറിച്ചുള്ള അവരുടെ ചിന്തകള്‍ എന്നെ അറിയിച്ചിട്ടുണ്ട്. അവരുടെ സന്ദേശം ഞാന്‍ നിങ്ങള്‍ക്കായ് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുകയാണ്. ഞാനിനിയും സിനിമ കണ്ടിട്ടില്ല. പക്ഷേ, ഈ വലിയ വിജയത്തിന് ആശംസകള്‍.’ റാണിയുടെ മെസേജ് പങ്കുവച്ചുകൊണ്ട് പൃഥ്വി കുറിച്ചു.
റാണി മുഖര്‍ജിയും പൃഥ്വിരാജും അയ്യ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈമും നെറ്റ്ഫ്ലിക്സും ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകള് തിരസ്കരിച്ചതോടെ ‘നീസ്ട്രീം’ എന്ന പ്ലാറ്റ്ഫോമിലാണ് സിനിമ റിലീസ് ചെയ്യുന്നത്. പിന്നീട് സിനിമയ്ക്ക് ലഭിച്ച അഭൂതപൂര്‍വമായ പ്രതികരണത്തെ തുടര്‍ന്ന് ആമസൊണ്‍ പ്രൈം സിനിമ വാങ്ങുകയായിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകള്‍ ഒരുങ്ങുകയാണ്.


