കൊല്ലം: മലയാള സിനിമയ്ക്ക് വേറിട്ട സ്ഥാനം നേടിതന്ന ഒരുപിടി ചിത്രങ്ങളുടെ നിര്‍മാതാവും വ്യവസായിയുമായിരുന്ന കെ. രവീന്ദ്രനാഥന്‍ നായര്‍ (90) അന്തരിച്ചു. ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങളാണ് ലഭിച്ചത്. എസ്തപ്പാന് എന്ന സിനിമയില്‍ മുഖംകാണിച്ചിട്ടുമുണ്ട്.
കേരളത്തിലെ കശുവണ്ടി വ്യവസായത്തിലും കെ. രവീന്ദ്രനാഥന്‍ നായര്‍ എന്ന പേര് വിസ്മരിക്കാനാവില്ല. ജനറല്‍ പിക്ചേഴ്സ് രവി, അച്ചാണി രവി, രവി മുതലാളി അങ്ങനെ പലപേരുകളിലും നാട് അദ്ദേഹത്തെ സ്നേഹാദരവോടെ വിളിച്ചിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അദ്ദേഹം നവതി ആഘോഷിച്ചത്.
1967-ല്‍ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു ജനറല്‍ പിക്ചേഴ്സ് ആരംഭിച്ചത്. പി.ഭാസ്കരന് ആയിരുന്നു സംവിധാനം. 68-ല്‍ ‘ലക്ഷപ്രഭു’, 69-ല്‍ ‘കാട്ടുകുരങ്ങ്’ എന്നീ ചിത്രങ്ങളും പി.ഭാസ്കരന് ജനറല്‍ പിക്ചേഴ്സിനുവേണ്ടി സംവിധാനം ചെയ്തു. 73-ല്‍ എ.വിന്‍സെന്റിന്റെ ‘അച്ചാണി’, 77-ല്‍ ‘കാഞ്ചനസീത’, 78-ല്‍ ‘തമ്പ്’, 79-ല്‍ ‘കുമ്മാട്ടി’ 80-ല്‍ ‘എസ്തപ്പാന്’, 81-ല്‍ ‘പോക്കുവെയില്‍’ എന്നീ ചിത്രങ്ങള്‍ അരവിന്ദന് ഒരുക്കി. 82-ല്‍ എം.ടി.വാസുദേവന്‍ നായര്‍ ‘മഞ്ഞ്’ സംവിധാനം ചെയ്തു. 84-ല്‍ ‘മുഖാമുഖം’, 87-ല്‍ ‘അനന്തരം’, 94-ല്‍ ‘വിധേയന്’ എന്നീ ചിത്രങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനും സാക്ഷാത്കരിച്ചു.
ഭാര്യ ഉഷ ‘തമ്പ്’ എന്ന സിനിമയില്‍ പിന്നണി പാടിയിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ദാനിയേല്‍ പുരസ്കാരം നേടിയ രവീന്ദ്രനാഥന്‍ നായര്‍ ദേശീയ ചലചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് അംഗമായും ചലച്ചിത്ര വികസന കോര്പ്പറേഷന് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1957-ല്‍ വിജയലക്ഷ്മി കാഷ്യൂ എന്നപേരില്‍ കശുവണ്ടി കയറ്റുമതിരംഗത്തെത്തി. കൊല്ലത്തിന്റെ കശുവണ്ടിപ്പെരുമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു. സമ്പന്നതയിലേക്ക് ജീവിതം പറിച്ചുനടുമ്പോഴാണ് ഇഷ്ടമേഖലയായ കലാരംഗത്തും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന മോഹം ഉദിച്ചത്.
സിനിമയുടെ സാമ്പത്തികലാഭം കലാ, സാംസ്കാരികരംഗത്ത് ചെലവഴിച്ചും മാതൃകയായ ജീവിതമാണ് അദ്ദേഹത്തിന്റേത്. കൊല്ലം നഗരത്തില്‍ പബ്ളിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, സോപാനം കലാകേന്ദ്രം, ചില്‍ഡ്രന്‍സ് ലൈബ്രറി, ആര്‍ട്ട് ഗാലറി, ബാലഭവന് കെട്ടിടം, തിയേറ്ററുകള്‍ അങ്ങനെ പോകുന്നു ആ മുദ്രകള്‍. പ്രതാപ് നായര്‍, പ്രീത, പ്രകാശ് നായര്‍ എന്നിവരാണ് മക്കള്‍. രാജശ്രീ, സതീഷ്നായര്‍, പ്രിയ എന്നിവര്‍ മരുമക്കളും.