ഇന്‍ഡിഗോ വിമാന സര്‍വീസിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന് റാണ ദഗ്ഗുബതി. ‘ഇന്ത്യയിലെ ഏറ്റവും മോശം എയര്‍ലൈന്‍ അനുഭവം’ എന്നാണ് താരം വിമാന സര്‍വീസിനെ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു നടന്റെ പരാമര്‍ശം.
വിമാനത്തിന്റെ സമയത്തെ കുറിച്ച് ഇന്‍ഡിഗോയ്ക്ക് ഒന്നും അറിയില്ലെന്ന് റാണ പറഞ്ഞു. തന്റെ ലഗേജ് കാണാതായെന്നും, എന്നാല്‍ അത് ട്രാക്ക് ചെയ്യാനുള്ള സംവിധാനം പോലും അവര്‍ക്കില്ലെന്നും റാണ ട്വിറ്ററില്‍ കുറിച്ചു. ഇന്‍ഡിഗോയുടെ ജീവനക്കാര്‍ക്കും ഇതിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും നടന് പറയുന്നു. നടന്റെ ട്വീറ്റ് വൈറലായതോടെ ഇന്‍ഡിഗോ പ്രതികരിച്ചു.
അദ്ദേഹത്തിന് നേരിടേണ്ടി വന്ന പ്രശ്നങ്ങളില്‍ ക്ഷമ ചോദിക്കുന്നതായി ഇന്‍ഡിഗോ പറഞ്ഞു. ലഗേജ് കൃത്യമായി ലഭിച്ചില്ലെന്നായിരുന്നു റാണയുടെ മറ്റൊരു പരാതി. ഞങ്ങളുടെ ടീം നിങ്ങളുടെ ലഗേജ് എത്രയും പെട്ടെന്ന് എത്തിക്കുമെന്നും, നിങ്ങള്‍ക്ക് നേരിട്ട് ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ബാഹുബലി താരത്തിന്റെ ട്വീറ്റിന് താഴെ നിരവധി പേരാണ് സമാന അനുഭവങ്ങള്‍ പങ്കുവെച്ചത്. നേരത്തെ തെന്നിന്ത്യന്‍ താരം പൂജ ഹെഗ്ഡെയും ഇന്‍ഡിഗോക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്‍ഡിഗോയിലെ ജീവനക്കാര്‍ വളരെ മോശമായിട്ടാണ് പെരുമാറുന്നതെന്നായിരുന്നു നടിയുടെ ആരോപണം. നടിയോടും ഇന്‍ഡിഗോ അധികൃതര്‍ മാപ്പു പറഞ്ഞിരുന്നു.
ഇതിനിടെ ഇന്‍ഡിഗോ അധികൃതര്‍ പാഴ്സലുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. വിമാനത്തില്‍ നിന്നുള്ള പാഴ്സലുകള്‍ വാഹനത്തിനുള്ളിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.