മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ദമ്പതികള്‍ വ്യവസായി ദീപക് കോത്താരിയില്‍ നിന്ന് 60 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2015-നും 2023-നും ഇടയില്‍ ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന ദമ്പതികള്‍ തന്റെ കയ്യില്‍ നിന്ന് 60 കോടി രൂപ വാങ്ങി വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചെന്നാണു വ്യവസായി ദീപക് കോത്താരിയുടെ ആരോപണം.
നിശ്ചിത സമയത്തിനുള്ളില്‍ 12% വാര്‍ഷിക പലിശയോടെ പണം തിരികെ നല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നതായും 2016 ഏപ്രിലില്‍ ശില്‍പ്പ ഷെട്ടി രേഖാമൂലം ഒരു വ്യക്തിഗത ഗ്യാരണ്ടി നല്‍കിയിരുന്നതായും കോത്താരി പറയുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ശില്‍പ്പ ഷെട്ടി സ്ഥാപനത്തിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവച്ചു. എന്നാല്‍ ദീപക് കോത്താരിയുടെ ആരോപണങ്ങള്‍ ശില്‍പ്പ ഷെട്ടിയും രാജ് കുന്ദ്രയും നിഷേധിച്ചു. സംഭവത്തില്‍ ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും യാത്രാ വിവരങ്ങള്‍ പൊലീസ് തേടുകയാണ്. സ്ഥാപനത്തിന്റെ ഓഡിറ്ററെ ചോദ്യം ചെയ്യാനും വിളിപ്പിച്ചിട്ടുണ്ട്.