ഐഎസ്ആര്‍ഓ ശാസ്ത്രജ്ഞന് നമ്പിനാരായണന്റെ കഥപറയുന്ന ‘റോക്കറ്ററി ദി നമ്പി എഫ്ക്ട്’ എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. ട്രെയ്ലര് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നമ്പി നാരായണന്റെ കഥാപാത്രം അവതരിപ്പിക്കുന്നതും ‘റോക്കറ്ററി ദി നമ്പി എഫ്ക്ട്’ സംവിധാനം ചെയ്യുന്നതും മാധവന് തന്നെയാണ്.
ചിത്രത്തില്‍ ബോളിവുഡ് കിംഗ് ഖാന് ഷാരുഖ് ഖാനും, തമിഴ് സൂപ്പര്‍ താരം സൂര്യയും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ മാധ്യമ പ്രവര്‍ത്തകനായാണ് ഷാരുഖ് എത്തുന്നത്. തമിഴ് പതിപ്പില്‍ സൂര്യയും ആ വേഷം കൈകാര്യം ചെയ്യുന്നു.
വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന് നടത്തിയ മേക്ക് ഓവറുകള്‍ ശ്രദ്ധ നേടിയിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള സംഭവബഹുലമായ കാലഘട്ടമാണ് സിനിമയുടെ പ്രമേയം. സിമ്രാന് ആണ് ചിത്രത്തില്‍ നായിക. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മാധവന്റെ ട്രൈ കളര്‍ ഫിലിംസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന് പിക്ചര്‍സിന്റെയും ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.