കരിയറിന്റെ തുടക്കത്തില്‍ തനിക്ക് ഒട്ടേറെ ഉപദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഏറ്റവും മോശവും നല്ലതുമായ ഉപദേശങ്ങള്‍ ഇനിയും മറന്നിട്ടില്ലെന്നു പറയുന്നു പ്രശസ്ത ബോളിവുഡ് നടി ദീപിക പദുക്കോണ്‍. സിനിമയില്‍ എത്തുന്നതിനു മുമ്പ് മോഡലായിട്ടായിരുന്നു ദീപികയുടെ ഭാഗ്യ പരീക്ഷണം. അക്കാലത്ത് ഒട്ടേറെ മോശം അനുഭവങ്ങിലൂടെ അവര്‍ കടന്നു പോയിട്ടുണ്ട്. ഇടക്കുണ്ടായ വിഷാദ രോഗത്തെക്കുറിച്ചും നടി നേരത്തേ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
18-ാം വയസ്സില്‍ തനിക്ക് ലഭിച്ച ഒരു ഉപദേശം നടി ഇപ്പോഴും ഓര്‍ക്കുന്നു. മാറിടം വലുതാക്കാന്‍ വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാകുക എന്നായിരുന്നു ഉപദേശം. എന്നാല്‍ ആ ഉപദേശം കേട്ടമാത്രയില്‍ തന്നെ തള്ളിക്കളയാനുള്ള വിവേകം തനിക്കുണ്ടായി എന്നും അവര്‍ അനുസ്മരിക്കുന്നു.
എന്തുകൊണ്ടും ചീത്ത ഉപദേശമായിരുന്നു അത്. അക്കാലത്ത് അത് തള്ളിക്കളയാന്‍ തോന്നിയല്ലോ എന്നോര്‍ത്ത് ഇന്ന് അഭിമാനം തോന്നുന്നു. 18-ാം വയസ്സിലായിരുന്നു അതെന്ന് ഓര്‍ക്കണം. എങ്ങനെയെങ്കിലും കരിയര്‍ രൂപപ്പെടുത്തണമെന്ന് ഭ്രാന്തമായി ആഗ്രഹിക്കുന്ന സമയത്ത്. എന്നിട്ടും അതൊരു മോശം ഉപദേശമായിത്തന്നെ തള്ളിക്കളയാന്‍ എനിക്കു കഴിഞ്ഞു- ദീപിക അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
മികച്ച ഉപദേശങ്ങളും തനിക്ക് കിട്ടിയിട്ടുണ്ടെന്നും നടി വ്യക്തമാക്കുന്നു. കൂടെ അഭിനയിച്ച നടന് ഷാരൂഖ് ഖാനാണ് ജീവിതത്തിലെ ഏറ്റവും നല്ല ഉപദേശം തന്നതെന്നും ദീപിക പറയുന്നു. സഹകരിച്ചാല്‍ നന്നാകും, നല്ലൊരു അനുഭവത്തിലൂടെ കടന്നു പോകാന്‍ കഴിയും എന്ന് ഉറപ്പുള്ള ആളുകളുമായി മാത്രം ചേര്‍ന്നു പ്രവര്‍ത്തിക്കുക എന്നാണ് കിങ് ഖാന് എന്നറിയപ്പെടുന്ന നടന് ഉപദേശിച്ചത്. ഒരു സിനിമയില്‍ അഭിനയിക്കുക എന്നു പറഞ്ഞാല്‍ ഒരു ടീമിനൊപ്പം ജീവിക്കുക എന്നാണര്‍ഥം.
അക്കാലത്തിന്റെ ഓര്‍മകള്‍ പിന്നീട് കുറേക്കാലം മനസ്സില്‍ ഉണ്ടാകും. നല്ല അനുഭവങ്ങളും ബാക്കിനില്ക്കും. അതുകൊണ്ടുതന്നെ മികച്ച ആളുകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ തയാറാകുക. അങ്ങനെ നല്ല ഓര്‍മകളും മധുരമുള്ള അനുഭവങ്ങളുമായി ഓരോ ഷൂട്ടിങ് സെറ്റില്‍ നിന്നും മടങ്ങുക.
ഷാരൂഖ് ഖാന് നല്കിയ ഈ ഉപദേശം ജീവിതത്തില്‍ തനിക്ക് വഴിവിളക്കായി തോന്നിയെന്ന് നടി പറയുന്നു. ഇപ്പോള്‍ വിജയത്തിന്റെ പ്രഭയില്‍ നില്‍ക്കുകയാണെങ്കിലും പോയ കാലത്തെ മോശം അനുഭവങ്ങള്‍ നടി മറന്നിട്ടില്ല. പുതിയ തലമുറയ്ക്ക് സഹായമാകാന്‍ വേണ്ടി അവയെക്കുറിച്ചു പറയാറുമുണ്ട്.