സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 560 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില 1,02,680 രൂപയായി. പണിക്കൂലി കൂടി ചേര്‍ത്ത് ഒരു പവന് വാങ്ങണമെങ്കില്‍ 1.15 ലക്ഷത്തോളം രൂപയെങ്കിലും നല്‍കേണ്ടി വരും. ഇന്ന് ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,835 രൂപയായി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നെങ്കിലും പിന്നീടങ്ങോട് സ്വര്‍ണവില കുതിക്കുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വര്‍ണവില പവന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കവിയുന്നത്.


