കൊച്ചി: കേരളത്തിലെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ് ഓഫ് ടെക്നോളജീസിന്റെ (ജി-ടെക്ക്) പുതിയ ചെയര്‍മാനായി യു എസ് ടി ഗ്ലോബല്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും കണ്ട്രി ഹെഡുമായ അലക്സാണ്ടര്‍ വര്‍ഗ്ഗീസിനെ തിരഞ്ഞെടുത്തു. ടി സി എസ് കേരളയുടെ വൈസ് പ്രസിഡന്റും ഡെലിവറി സെന്റര്‍ ഹെഡുമായ ദിനേശ് തമ്പിയാണ് ജി ടെക്കിന്റെ പുതിയ സെക്രട്ടറി. 2018-2020 കാലയളവിലേക്കാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
പുതിയ ചുമതലയെ കുറിച്ച് സംസാരിച്ച ജി-ടെക്ക് ചെയര്മാന് അലക്സാണ്ടര്‍ വര്‍ഗ്ഗീസ്, കേരളത്തില്‍ ഐ ടി, ഐ ടി ഇ എസ് വ്യവസായ രംഗത്ത് ആവശ്യമായ ശരിയായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഉദ്യമത്തിലാണ് തങ്ങളെന്നും, സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍, ചെറുകിട-മധ്യ നിര സംരംഭങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ ലക്ഷ്യം നടപ്പിലാക്കുവാനായി സര്‍ക്കാരുമായും മറ്റ് വ്യവസായ ശൃംഖലകളുമായും ജി ടെക്ക് തുടര്‍ന്നും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അഭിപ്രായപ്പെട്ടു. കേരളത്തിലെ ടെക്നോളജി മേഖലയില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ ജി-ടെക്ക് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ ടി), ബിസിനസ് പ്രോസസ്സ് മാനേജ്മന്റ് (ബി പി എം) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ കൂട്ടായ്മയാണ് ഗ്രൂപ് ഓഫ് ടെക്നോളജി കമ്പനീസ് (GTech). ലോകമെമ്പാടുമുള്ള ടെക്നോളജി കമ്പനികള്‍ക്ക് വിവിധ സംഘടനകളുമായി സഹകരണത്തിലേര്പ്പെടുവാനും നയ രൂപീകരണത്തിനു വേദിയൊരുക്കുകയാണ് ജി-ടെക്ക് . സംസ്ഥാനത്തെ മാതൃകാപരമായ ഐ ടി /ബി പി എം കേന്ദ്രമാക്കി പരിപോഷിപ്പിക്കുന്നതിന് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരുന്ന ജി-ടെക്ക്, വ്യത്യസ്ത പ്രവര്‍ത്തനങ്ങളിലൂടെ സംരംഭകര്‍ക്കും വ്യവസായികള്‍ക്കും, ഐ ടി പ്രൊഫഷണലുകള്‍ക്കും വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന സംഘടനയാണ്.
എല്ലാ പൗരന്മാരുടെയും സാമൂഹിക സാമ്പത്തിക വികസനം സാധ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ജി-ടെക്ക്, ഗ്രൂപ് ഓഫ് ടെക്നോപാര്‍ക്ക് കമ്പനീസ് എന്ന പേരില്‍ 2001ല്‍ ആരംഭിച്ചശേഷം, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 200 കമ്പനികളുമായി ദൃഢ ബന്ധം സ്ഥാപിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ceo@gtechinida.org / secretariat@gtechindia.org.


