കൊച്ചി: മഹാരാഷട്രയിലെ കോലാപൂരില്‍ പ്രളയം നാശം വിതച്ച ബസ്വാഡ്, രാജാപുര്വാഡി എന്നിവിടങ്ങളില്‍ ഫെഡറല്‍ ബാങ്ക് പുനര്‍നിര്‍മ്മിച്ചു നല്കിയ വീടുകള്‍ ഗുണഭോക്താക്കള്‍ക്കു കൈമാറി. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ (സിഎസ്ആര്‍) ഭാഗമായാണ് പുതുക്കിപ്പണിതത്. ഇതോടൊപ്പം മാലിന്യ ശേഖരണ വാനുകളും വാട്ടര്‍ എടിഎമ്മുകളും സൗരോര്‍ജ സംവിധാനവും ഈ ഗ്രാമങ്ങളില്‍ ഫെഡറല്‍ ബാങ്ക് ഏര്‍പ്പെടുത്തി. മഹാരാഷ്ട്ര പൊതുജനാരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പു സഹമന്ത്രി ഡോ. രാജേന്ദ്ര പാട്ടീല്‍ യദ്രവ്കാറുടെ അധ്യക്ഷതയില്‍ രണ്ടിടത്തും നടന്ന ചടങ്ങുകളിലാണ് വീടുകളും മറ്റും ഔദ്യോഗികമായി കൈമാറിയത്. ജില്ലാ പരിഷത് സിഇഒ അമന് മിത്തല്‍ ഐഎഎസ്, ബസ്വാഡ് ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍ പ്രദിന ജിതേന്ദ്ര ചവാന്, രാജാപുര്വാഡി ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍ വിജയ് എക്സാംബെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കോലാപൂരിലെ ഈ രണ്ടു ഗ്രാമങ്ങളുടേയും പുനര്‍നിര്‍മാണത്തിനായി 2019 ഒക്ടോബറിലാണ് ഫെഡറല്‍ ബാങ്ക് 3.06 കോടി രൂപയുടെ പദ്ധതി അവതരിപ്പിച്ചത്. ഈ ഗ്രാമങ്ങളിലെ രണ്ടു സ്കൂള്‍ കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണത്തിനും ബാങ്ക് ധനസഹായം നല്‍കുന്നുണ്ട്. സ്കൂളുകള്‍ക്കാവശ്യമായ ബെഞ്ചുകള്‍, മേശകള്‍, കംപ്യൂട്ടറുകള്‍, പ്രൊജക്ടറുകള്‍ എന്നിവയും നല്‍കും. പ്രകൃതി ദുരന്തത്തില്‍ ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് കറവപ്പശുക്കളേയും ചെറുകിട വ്യവസായങ്ങള്‍ക്കാവശ്യമായ യന്ത്രങ്ങളും ഫെഡറല്‍ ബാങ്ക് വിതരണം ചെയ്തു. പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിച്ചതിനു പുറമെ ഈ ഗ്രാമങ്ങളില്‍ 500 വൃക്ഷത്തൈകളും ഫെഡറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും കോലാപ്പൂര്‍ റീജണല്‍ ഹെഡുമായ അജിത് മധുകര്‍ ദേശ്പാണ്ഡെ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് മെറാജ്ഖാന് സിറാജ്ഖാന്‍ പത്താന് എന്നിവര്‍ ബാങ്കിനെ പ്രതിനിധീകരിച്ച് ചടങ്ങുകളില്‍ സംസാരിച്ചു. കോലാപ്പൂര്‍ ജില്ലാ പരിഷത് അംഗങ്ങളായ പര്വിന് ദാദെപാശ പട്ടേല്‍, പര്വിന് ദൗലത് മാനെ, ഷിരോള് പഞ്ചായത്ത് അംഗങ്ങളായ രുപാലി മഹാവീര്‍ മഗ്ദും, ദീപാലി സഞ്ജയ് പരിത്, കോലാപ്പൂര്‍ ജില്ല പരിഷത്ത് ഡെപ്യൂട്ടി സിഇഒ പ്രിയദര്‍ശനി മോര്, ഷിരോള് തഹസില്‍ദാരായ അപര്‍ണ മോര് ധുമാല്‍, കോലാപൂര്‍ ജില്ലാ പരിഷത് ചീഫ് അക്കൗണ്ട്സ് & ഫിനാന്‍സ് ഓഫീസര്‍ സഞ്ജയ് രാജ്മനെ, ഷിരോള് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ശങ്കര്‍ കവിതകെ എന്നിവര്‍ പങ്കെടുത്തു