ചില കോടിക്കണക്കുകളെ കുറിച്ച് പറയുകയാണ് ഇന്നിവിടെ. ഒരു ലക്ഷം രൂപ പോലും തികച്ച് നേരിട്ട് കാണാത്ത നമ്മളെ പോലെ സാധാരക്കാരില്‍ സാധാരക്കാരായ പലരെയും സംബന്ധിച്ചെടുത്തോളം പ്രത്യേകിച്ച് ഗുണങ്ങളൊന്നും തന്നെയില്ലെങ്കിലും എന്നും ഇത്തരം കോടിക്കണക്കുകള്‍ നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തെല്ലൊന്ന് അതിശയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ലോകത്തില്‍ ഏറ്റവുമധികം പണക്കാര് ഇന്ത്യയില്‍ ആണുള്ളതെന്ന കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഈയടുത്തിടെ പുറത്തുവന്നിരുന്നു. ആ ഇന്ത്യയില്‍ തന്നെയാണ് സാധാരണക്കാരും അതിലേറെ ദരിദ്രരെയും കൊണ്ട് നിറയുന്നത്. എന്ത് വിരോധാഭാസമാണ് ഇതെന്ന് ചോദിച്ചാല്‍ ഒരു മറുപടി പറയാന്‍ അതിനെ കുറിച്ച് പേജുകള്‍ തന്നെ എഴുതേണ്ടി വരും. അതിനാല്‍ തത്കാലം അതിലേക്കൊന്നും പോകുന്നില്ല. മുകേഷ് അംബാനിയുടെ സ്വത്തും നിലവില്‍ അദ്ദേഹത്തിന്റെ ലോക റാങ്കിങ്ങും മാത്രം ചുരുക്കി വിവരിക്കട്ടെ, ഒപ്പം പട്ടികയില്‍ ഉള്ള മറ്റു പ്രമുഖരെ കുറിച്ചും ചിലത് പറയാം. ബൂമറാങ് ഇന്‍ഡക്സ് റാങ്കിങ് ആണ് ലോകത്തിലെ ഏറ്റവും വലിയ 500 പണക്കാരുടെ ലിസ്റ്റ് ദിനവും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതില്‍ മുകേഷ് അംബാനി ഇപ്പോള്‍ 15ആം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. അതായത് ലോകത്ത് തന്നെയുള്ള ഏറ്റവും വലിയ പണക്കാരില്‍ പതിനഞ്ചാമനായി. രണ്ടു ദിവസം കൊണ്ടാണ് പെട്ടെന്ന് ഈ സ്ഥാനത്തേക്ക് മുകേഷ് അംബാനി എത്തിയത്.
ജൂണ്‍ 19ലെ കണക്കനുസരിച്ച് 2.75 ലക്ഷം കോടി ആസ്തിയുണ്ട് ഇദ്ദേഹത്തിന്. രണ്ടു ദിവസം കൊണ്ട് 9300 കോടിയുടെ അധിക ആസ്തി നേടിക്കൊണ്ടാണ് ഈ നിലയിലേക്ക് ഉയര്‍ന്നത്. ഇവിടെ മുകേഷ് അംബാനി പിന്നിലാക്കിയത് അമേരിക്കന്‍ റീറ്റെയ്ല്‍ ഭീമന് വാള്‍മാര്‍ട്ട് ഉടമകളായ സാക്ഷാല്‍ ജിം വാള്ട്ടനെയും റോബ് വാള്ട്ടനെയുമാണ്. ഈ സ്ഥിതിയില്‍ പോയാല്‍ ഉടന്‍ തന്നെ പതിനാലാം സ്ഥാനത്തുള്ള ആലിബാബ ഉടമ ജാക്ക് മായെ മുകേഷ് അംബാനി കടത്തിവെട്ടും. 3.11 ലക്ഷം കോടിയാണ് ജാക്ക് മായുടെ ആസ്തി. കോടികളുടെ കണക്കുകള്‍ സംസാരിക്കുമ്പോള്‍ കൂട്ടത്തിലെ ആദ്യസ്ഥാനക്കാരെ കൂടെ പറയേണ്ടതുണ്ടല്ലോ. ആമസോണ്‍ ഉടമ ജെഫ് ബെസോസ് ആണ് ഇന്ന് നിലവില്‍ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്. ഈയടുത്ത കാലത്തായി ആമസോണിന്റെ ഓഹരികള്‍ വിപണിയില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. അത് ജെഫിന്റെ പോക്കറ്റ് കൂടുതല്‍ കനമുള്ളതാക്കാന്‍ നല്ല തോതില്‍ കാരണമായിട്ടുണ്ട്. മുപ്പത് വയസ്സുകാന് ജെഫ് ബെസോസ് ഒരു ഓണ്‍ലൈന്‍ ബുക്ക് സ്റ്റോര്‍ തുടങ്ങിയത് മുതല്‍ ഇന്നുവരെ ഉള്ള എല്ലാ സംഭവങ്ങളും ഏറെ ആശ്ചര്യം ജനിപ്പിക്കുന്നതാണ്.


