പെന്റഗണ്‍ ഉപയോഗിക്കുന്ന ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് ചൈനീസ് എഞ്ചിനിയര്‍മാരെ ഒഴിവാക്കുകയാണ് മൈക്രോസോഫ്റ്റ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ എന്‍ജിഒ പ്രോ പബ്ലിക്കയുടെ അന്വേഷണത്തില്‍ ദേശീയ സുരക്ഷാ ഭീഷണി കണ്ടെത്തിയതാണ് കാരണം. പ്രതിരോധ വകുപ്പിന്റെ ക്ലൗഡ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യമാണുള്ളതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.
ക്ലൗഡ് സംവിധാനങ്ങളിലെ എഞ്ചിനിയര്‍മാരെ നിരീക്ഷിക്കാന്‍ ഡിജിറ്റല്‍ എസ്കോര്‍ട്ടുകള്‍ എന്ന വിഭാഗത്തില്‍ പെടുന്ന ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ പൗരന്മാരായ ഈ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം ജോലികളുടെ മേല്‍നോട്ടം വഹിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം ഇല്ലെന്നാണ് പ്രോ പബ്ലിക്കയുടെ കണ്ടെത്തല്‍. ഇതാണ് സുരക്ഷാ തകരാറിനുള്ള സാധ്യത നല്‍കുന്നത്.
‘ചൈനയില്‍ നിന്നുള്‍പ്പെടെയുള്ള വിദേശ എഞ്ചിനീയര്‍മാരെ ഒരിക്കലും ഡിഒഡി സംവിധാനങ്ങള്‍ പരിപാലിക്കാനോ ആക്സസ് ചെയ്യാനോ അനുവദിക്കരുത്’ എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എക്സില്‍ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ മൈക്രോസോഫ്റ്റ് പ്രതികരിക്കുകയും ചെയ്തു. പ്രതിരോധ സേവനങ്ങളുമായി ബന്ധപ്പെട്ട് ചൈനീസ് എഞ്ചിനിയര്‍മാരെ ഒഴിവാക്കിയെന്ന ഉറപ്പാണ് മൈക്രോസോഫ്റ്റിന്റെ ചീഫ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ ഫ്രാങ്ക് എക്സ് ഷാ നല്‍കിയത്.