സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് 560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഒരു പവന് സ്വര്‍ണത്തിന്റെ വില 93,760 രൂപയായി. ഗ്രാമിന് 70 രൂപയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 11,720 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 1680 രൂപ ഉയര്‍ന്നിരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണം വളര്‍ച്ചയുടെ വേഗം വീണ്ടെടുക്കുമോ എന്ന ചര്‍ച്ചകള്‍ക്കിടയിലാണ് പൊന്നിന് വീണ്ടും വിലയിടിഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകളാണ് ഇവിടേയും പ്രതിഫലിക്കുന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.


