മുന്നാറിന്റെ കുളിരു തേടിയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മൂന്നാറിലെയും, പരിസര പ്രദേശങ്ങളിലെയും നയന മനോഹര കാഴ്ചകള്‍ ആനവണ്ടിയില്‍ സഞ്ചരിച്ചു കൊണ്ട് കണ് പാര്‍ക്കാന്‍ അവസരം ഒരുക്കിയ കെഎസ്ആര്‍ടിസിയുടെ ‘മാസ്റ്റര്‍ ബ്രെയിന്‍’ സേവി ജോര്‍ജ് പടിയിറങ്ങുന്നു. 31 വര്‍ഷം ആനവണ്ടിയെ സ്നേഹിച്ചു സേവിച്ച, സേവി ഈ മാസം 30 ന് മൂന്നാറില്‍ നിന്ന് മലയിറങ്ങും. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്കു വിനോദ സഞ്ചാരത്തിലൂടെ പുതു ജീവന് നല്കിയ വ്യക്തിയാണ് കോതമംഗലം, കുത്തുകുഴി തഴുത്തേടത്ത് വീട്ടില്‍ സേവി ജോര്‍ജ്.
ആനവണ്ടിയുടെ വിനോദ സഞ്ചാര യാത്രയിലൂടെ അധിക വരുമാനമെന്ന ആശയം അവതരിപ്പിച്ച് വിജയകരമായി നടപ്പാക്കിയ വ്യക്തിയാണ് ഇദ്ദേഹം. നിലവില്‍ മൂന്നാര്‍ ആനവണ്ടി താവളത്തിലേ ഇന്‍സ്പെക്ടറാണ് സേവി ജോര്‍ജ്. പ്രധാന നഗരങ്ങളില്‍ കെഎസ്ആര്‍ടിസിയുടെ ഭൂമിയില്‍ നിന്ന് എങ്ങനെ അധിക വരുമാനം ഉണ്ടാക്കാമെന്നു എംഡി ബിജു പ്രഭാകര്‍ നിര്‍ദേശങ്ങള്‍ ചോദിച്ചതില്‍ നിന്നാണു സേവിയുടെ മനസ്സില്‍ കെഎസ്ആര്‍ടിസിയും ടൂ റിസവും എന്ന ആശയം മുളപൊട്ടിയത്. മൂന്നാറില്‍ കെഎസ്ആര്‍ടിസിക്ക് മൂന്നര ഏക്കര്‍ ഭൂമി സ്വന്തമായുണ്ട്.
ടൂറിസവുമായി ബന്ധപ്പെടുത്തി ഇത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ച് ഇദ്ദേഹം പദ്ധതി തയാറാക്കി എംഡിക്കു സമര്‍പ്പിച്ചു. മൂന്നാറില്‍ എത്തുന്ന ഇടത്തരക്കാരായ സഞ്ചാരികള്‍ക്കു കുറഞ്ഞ ചെലവില്‍ ആനവണ്ടിയില്‍ സുരക്ഷിതമായി രാപാര്‍ക്കാം എന്നതായിരുന്നു ആദ്യ പദ്ധതി. ആശയം മാനേജ്മെന്റിനു സ്വീകാര്യമായതോടെ കണ്ടം ചെയ്ത രണ്ട് ബസുകളില്‍ 16 ബെര്‍ത്തുകള്‍ സ്ഥാപിച്ച് മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ആനവണ്ടിയില്‍ രാപാര്‍ക്കാന്‍ മൂന്നാറിന്റെ കുളിരു തേടി വരുന്ന സഞ്ചാരികള്‍ക്ക് അവസരം ഒരുക്കി 100 രൂപ മാത്രമാണ് ഒരാള്‍ക്ക് ഒരു രാത്രി ഇതില്‍ താമസിക്കുന്നതിനു നിരക്ക്. നിലവില്‍ 8 സ്ലീപ്പര്‍ ബസുകളിലായി 128 പേര്‍ക്കു താമസ സൗകര്യമുണ്ട്. വാരാന്ത്യങ്ങളില്‍ ഇവ മിക്കവാറും നിറയും. 12 സ്ലീപ്പര്‍ ബസുകള്‍ കൂടി ഉടന്‍ എത്തും.
ഈ പദ്ധതി വിജയകരമായതോടെയാണു സഞ്ചാരികള്‍ക്കു കെഎസ്ആര്‍ടിസി ബസില്‍ ചുറ്റിക്കറങ്ങി കാഴ്ചകള്‍ കാണാന്‍ സൈറ്റ് സീയിങ് ബസുകള്‍ എന്ന ആശയം സേവി അവതരിപ്പിച്ചത്. നിലവില്‍ മൂന്നാറില്‍ നിന്നുമാത്രം മൂന്ന് ബസുകള്‍ സൈറ്റ് സീയിങ് സര്‍വീസ് നടത്തുന്നുണ്ട്.
സേവിയുടെ ആശയം ട്രെന്‍ഡായ തോടെ ഇപ്പോള്‍ കേരളത്തിലെ 11 ഡിപ്പോകളില്‍ നി ന്നു ടൂറിസ്റ്റുകള്‍ കുറഞ്ഞ ചെലവില്‍ മൂ ന്നാര്‍ കാഴ്ചകള്‍ ആസ്വദിച്ചു മടങ്ങുന്നു. ഇവരെല്ലാം രാത്രി താമസിക്കുന്നതു സ്ലീപ്പര്‍ ബസുകളിലാണ്. കോതമംഗലം ഡിപ്പോയില്‍ നിന്ന് തന്നെ നിരവധി ബസുകളാണ് കാനന ഭംഗിയും, ജലയാത്രയും ആസ്വദിച്ചു കൊണ്ട് മൂന്നാറിലേക്ക് സഞ്ചാരികള്‍ക്ക് വേണ്ടി ജംഗിള്‍ സഫാരി എന്ന പേരില്‍ സര്‍വീസ് നടത്തുന്നത്.
ടൂറിസം ഇനത്തില്‍ മൂന്നാര്‍ ഡിപ്പോയ്ക്കു മാത്രം 57.34 ലക്ഷം രൂപ വരുമാനമുണ്ടാക്കാനായി. കെ എസ് ആര് ടി സി യില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യ്തിരുന്ന പിതാവ് ടി വി ജോര്‍ജിന്റെ അകാല വിയോഗത്തില്‍, ആശ്രിത നിയമനത്തിലൂടെയാണ് 31 വര്‍ഷം മുന്‍പ് 1991ല്‍ സേവി മുവാറ്റുപുഴ ഡിപ്പോയില്‍ കണ്ടക്ടറായി ജോലിയില്‍ പ്രവേശിച്ചത്. മുവാറ്റുപുഴ, പെരുമ്പാവൂര്‍, പിറവം, കൂത്താട്ടുകുളം, കോതമംഗലം എന്നി കെഎസ്ആര്‍ടിസി ഡിപ്പോ കളിലും ജോലി ചെയിതിട്ടുണ്ട്. ഇപ്പോള്‍ 23 വര്‍ഷമായി മൂന്നാര്‍ ഡിപ്പോയിലാണ്. ഈ മാസം 30 നാണ് വിരമിക്കുന്നത്. ആന്‍സിയാണ് ഭാര്യ. മക്കള്‍ അമല്‍ സേവി, അതുല്‍ സേവി, ആഷില്‍ സേവി. മരുമകള്‍: ക്രിസ്റ്റീന.


