തിരുവനന്തപുരം: ആന്റപ്പന് അമ്പിയായം സ്മാരക ‘ജലതരംഗം’ അവാര്‍ഡ് മൂവാറ്റുപുഴയിലെ പ്രമുഖ സാമൂഹിക – പരിസ്ഥിതി പ്രവര്‍ത്തകനും അല്‍ – അമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനുമായ സച്ചിന് സി. ജമാലിന് ലഭിച്ചു. സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി കെ.രാജുവില്‍ നിന്നും സച്ചിന് സി ജമാല്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ആന്റപ്പന് അമ്പിയായം സ്മാരക അവാര്‍ഡ് ഗ്രീന്‍ കമ്മ്യൂണിറ്റി ആന്റപ്പന് അമ്പിയായം സ്മാരക സമിതിയാണ് ഏര്‍പ്പെടുത്തിയത്.എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനയാണ് അല്‍ അമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. സാമൂഹിക പ്രവത്തന മേഖലയില്‍ നിറസാന്നിധ്യമായി ഇദ്ദേഹം കാടിന്റെ അവകാശികളെ കാട്ടിലേക്കയക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നാട്ടില്‍ ഇറങ്ങിയ നിരവധി ഇഴ ജന്തുക്കളെയും, വന്യജീവികളെയും കാട്ടിലേക്കയച്ച് പ്രവര്‍ത്തിക്കുകയാണ്. പ്രകൃതിക്ക് അനുയോജ്യമായ ഒട്ടേറെ പാരിസ്ഥിതിക മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ് സച്ചിന്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം നിരാലംബരായ ഒട്ടനേകം ആളുകള്‍ക്ക് സഹായഹസ്തവുമായും രംഗത്തുണ്ട്.