തിരുവനന്തപുരം: അടൂര്‍ഭാസി കള്‍ച്ചറല്‍ ഫോറത്തിന്റെ മികച്ച സാമൂഹ്യ പ്രവര്ത്തകന് നല്കുന്ന ‘അടൂര്‍ഭാസി കര്‍മ്മ രത്ന’ പുരസ്കാരത്തിന് എറണാകുളം,ഈസ്റ്റ് മാറാടി സ്കൂളിലെ അധ്യാപകനും നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസറുമായ പി. സമീര്‍ സിദ്ദീഖി അര്‍ഹനായി. ഈ മാസം 28ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പുരസ്കാരം വിതരണം ചെയ്യും. അവാര്‍ഡ് നിശയില്‍ മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്, എ.കെ ബാലന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
സ്വജീവിതത്തിലെ നല്ല നിമിഷങ്ങള്‍ മുഴുവന്‍ സ്വന്തം വിദ്യാര്‍ത്ഥികള്‍ക്കും അശരണരായ സഹജീവികള്‍ക്കും സമര്‍പ്പിച്ചു.
മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കു കേന്ദ്ര ഗവണ്മെന്റ് നല്കുന്ന നാഷണല്‍ യങ്ങ് ലീഡേഴ്സ് അവാര്‍ഡ്, ജീവ കാരുണ്യം, ജലസംരക്ഷണം, ഊര്‍ജ സംരക്ഷണം, പരിസ്തിഥി സംരക്ഷണം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നിരവധി അംഗീകാരങ്ങള്‍.
ഭവന രഹിതരായവര്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്കുക, സൗജന്യ വൈദ്യുതീകരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കും സാന്ത്വന സ്പര്‍ശവും കൈത്താങ്ങാവാനും വേണ്ടി ചാണകവും ഗോമൂത്രവും വിറ്റും, ഭക്ഷ്യമേള നടത്തിയും ഫണ്ട് സ്വരൂപിച്ചു. പഴയതും ഉപയോഗപ്രദവുമായ മൂവായിരത്തിലേറെ വസ്ത്രങ്ങള്‍ ശേഖരിച്ച് പാവങ്ങള്‍ക്ക് നല്കി, വികലാംഗരായവര്‍ക്ക് സൗജന്യമായി ലോട്ടറി ഏജന്‍സി എടുത്ത് കൊടുത്തും മറ്റ് ജീവിത മാര്‍ഗത്തിനായി തൊഴില്‍ കണ്ട് പിടിച്ച് കൊടുത്തും ശ്രദ്ധേയനായി.
എപിജെ അബ്ദുല്‍ ഖലാമിന്റെ ഓര്‍മ്മയ്ക്കായി ‘ആയിരം അഗ്നിച്ചിറകുകള്‍’ എന്ന പേരില്‍ വിദ്യാര്‍ത്ഥികളുടെയും സ്വന്തം വീട്ടിലും പൊതുജനങ്ങള്‍ക്കായി ആയിരത്തില്‍പരം പുസ്തകങ്ങളുള്ള ഹോം ലൈബ്രറി സ്ഥാപിച്ചു.വിദ്യാര്‍ത്ഥിക്കൂട്ടത്തിന്റെ സഹായത്താല്‍ ഒരു പഞ്ചായത്തിനെ സമ്പൂര്‍ണ്ണ ജൈവ പച്ചക്കറിയിലേയ്ക്കും, പേപ്പര്‍ ക്യാരി ബാഗ് ഉപയോഗത്തിലേയ്ക്കും, അവയവദാന സമ്മത പത്രിക സമര്‍പ്പിച്ച ഗ്രാമമാക്കിയും, പ്ലാസ്റ്റിക് രഹിതമാക്കിയും മാറ്റുന്നതില്‍ നേതൃത്വം നല്കി.
നിയമത്തിലും , സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദം നേടിയതും, മികച്ച അധ്യാപക അവാര്ഡിനര്ഹനായതിലുപരി, ജീവകാരുണ്യ പ്രവര്ത്തകന്, സ്റ്റുഡന്‍സ് മോട്ടിവേറ്റര്‍, സൈബര്‍ സ്പെഷ്യലിസ്റ്റ്, സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍, കൗണ്‍സിലര്‍, മൃഗസ്നേഹി, ലീഗല്‍ അഡൈ്വസര്‍ , അംഗീകൃത അധ്യാപക സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി, വി.എച്ച്.എസ്.ഇ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകങ്ങള്‍, റാങ്ക് ഫയലുകള്‍, ഗൈഡുകള്‍ എഴുതുക , പി.എസ്. സി ചോദ്യകര്‍ത്താവ്, പത്രമാധ്യമങ്ങളിലെ ലേഖകന്‍ തുടങ്ങിയ നിരവധി മേഖലകളില്‍ തിളക്കമായ വിജയം നേടി കഴിഞ്ഞു. കൂടാതെ വിവാഹ വാര്‍ഷികം, ജന്മദിനം തുടങ്ങിയ വേളകള്‍ ഉള്‍പ്പെടെ മൂന്നു മാസത്തിലൊരിക്കല്‍ ഭാര്യയും ഭര്‍ത്താവും മുടങ്ങാതെ ഒരുമിച്ച് റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ (RCC) രക്തദാനം നല്കി മികച്ച ഒരു രക്തദാതാവ് എന്ന നിലയില്‍ ദമ്പതിമാര്‍ക്ക് പ്രചോദനമാകുന്നു. ബ്യൂട്ടീഷനായ ഭാര്യ തസ്നിം സമീറും, ആറ് വയസ്സുള്ള മകന് റൈഹാന്‍ സമീറും അടങ്ങുന്ന കുടുംബം ഈസ്റ്റ് മാറാടിയിലാണ് താമസം.