പൊന്നാനി: ഈശ്വരമംഗലം വെങ്ങരം വളപ്പില്‍ ശാന്തയ്ക്ക് വീട് ഇനിയൊരു സ്വപ്നമല്ല. ഏറെക്കാലത്തെ ആ സ്വപ്നം ഇന്ന് യഥാര്‍ഥ്യമായി. എല്‍ഡിഎഫ് സര്‍ക്കാരും നഗരസഭയുമാണ് ശാന്തയുടെയും കുടുംബത്തിന്റെയും ജീവിതത്തില്‍ വെളിച്ചമായത്. കുടുംബസ്വത്തില്‍ നാല് സെന്റ് ഭൂമി ഭാഗം കിട്ടിയതില്‍ തറ കെട്ടി വീട് പണിയാനിരിക്കെ കല്‍പ്പണിക്കാരനായ ഭര്‍ത്താവ് ബാബുരാജ് ബൈക്കപകടത്തില്പ്പെട്ടതാണ് വീടെന്ന സ്വപ്നം പൊലിച്ചത്. നാലുവര്‍ഷം മുമ്പായിരുന്നു അപകടം. നാല് മാസം അമല ആശുപത്രിയില്‍ ചികിത്സയില്‍. കാലിനും കൈയ്ക്കും സ്റ്റീല്‍ ഇട്ടതോടെ ജോലി ചെയ്യാന്‍ കഴിയാതായി. ശാന്ത വീട്ടുജോലി ചെയ്താണ് കുടുംബം പോറ്റിയത്. വീട് സ്വപ്നം മാത്രമായി അവശേഷിച്ചു. ഈ സമയത്താണ് സംസ്ഥാന സര്‍ക്കാരും നഗരസഭയും തുണയായത്. പിഎംഎവൈ- ലൈഫ് പദ്ധതി പ്രകാരം നാല് ലക്ഷം രൂപയും തൊഴിലുറപ്പ് ഇനത്തില്‍ നഗരസഭ നല്കിയ 27,000 രൂപയും ബാക്കി തുക വായ്പയെടുത്തുമാണ് 650 സ്ക്വയര്‍ ഫീറ്റില്‍ വീട് പണിതത്. വര്‍ഷങ്ങളോളം നീണ്ട വാടകവീട് ജിവിതത്തില്‍നിന്ന് മുക്തരാക്കിയ പൊന്നാനി നഗരസഭയോടും കൗണ്‍സിലര്‍ വി വി സുഹ്റയോടും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ടെന്ന് ശാന്തയും കുടുംബവും പറയുന്നു