തൃശൂര്‍: ഭര്‍ത്താവിന്റെ മരണശേഷം മകന്റെ ചെറിയ വരുമാനത്തില്‍ ജീവിക്കുന്ന തൃശൂര്‍ ചേര്‍പ്പ് കിഴുപ്പിള്ളിക്കര ചെമ്പാപ്പുള്ളി ചാത്തന്റെ ഭാര്യ ദേവയാനിയെ സംബന്ധിച്ച് രണ്ട് മാസത്തെ വിധവാ പെന്ഷന് 2400 രൂപ ചെറിയ തുകയല്ല. പക്ഷെ ഈ മഹാമാരിയുടെ ദുരിതകാലത്തും നാടിനെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന ജാഗ്രത കാണുമ്പോള്‍ തന്നാലായത് ചെയ്യണമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.
ദുരിതാശ്വാസ നിധിയിലേയ്ക്ക് എല്ലാവരും സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന കേട്ട ഉടനെ തീരുമാനിച്ചതാണ് തന്റെ രണ്ടു മാസത്തെ പെന്ഷന് തുക സംഭാവന നല്‍കണമെന്ന്. ലോക്ക്ഡൗണ്‍ കാലത്ത് ആദ്യ ഘഡുവായി ലഭിച്ച പെന്ഷന് തുക താന്ന്യം പഞ്ചായത്ത് സഹകരണ ബാങ്ക് വഴി ദേവയാനി ദുരിതാശ്വാസ നിധിയിലേയ്ക്ക് അയച്ചുകൊടുത്തു.
കര്‍ഷകത്തൊഴിലാളിയായിരുന്ന 69 വയസ്സുകാരി ദേവയാനി ചായക്കടയില്‍ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ഇളയ മകന്റെ കൂടെ അഞ്ചു സെന്റ് ഭൂമിയില്‍ സര്‍ക്കാര്‍ പണിതുനല്‍കിയ വീട്ടിലാണ് താമസിക്കുന്നത്. മഹാ ദുരിതകാലത്ത് സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ അതീവ ശ്രദ്ധ കാണിക്കുന്ന സര്‍ക്കാരിനൊപ്പം ചേര്ന്നുനില്ക്കാന് കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ദേവയാനി.


