മൂവാറ്റുപുഴ: സംസ്ഥാനത്താദ്യമായി കോവിഡ് കെയര്‍ അറ്റ് ഹോം പദ്ധതിയിലൂടെ കോവിഡ് പ്രിതിരോധത്തിന് മാതൃകയാവുകയാണ് മുവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ ജോയ്സ് മേരി ആന്റണി. ഓക്സിജന്‍ ക്ഷാമം മൂലം രോഗികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് ജോയ്സ്. ഓക്സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഒരു പദ്ധതിയിലുടെ രോഗികള്‍ക്ക് ആശ്വാസമേകുന്ന ജോയ്സിന്റെ നടപടികള്‍ ശ്രദ്ദേയമാവുകയാണ്.
കൊവിഡ് കെയര്‍ അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡോക്ടര്‍ ഹസന്റെയും നേഴ്സ് അനുവിന്റെയും നേതൃത്വത്തില്‍ മൂന്ന് ഡോക്ടേഴ്സ് അടക്കം പതിനഞ്ചോളം വരുന്ന സന്നദ്ധപ്രവര്‍ത്തകരുടെ സൗജന്യ സേവനം വാര്‍ഡില്‍ സ്ഥിരമായി ഉണ്ടാവും. ഓക്സിജന്റെ ലഭ്യത കുറഞ്ഞതോടെ രോഗികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് വാര്‍ഡില്‍ ഒരു ഹോസ്പിറ്റലില്‍ ലഭിക്കുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക വഴി താന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ജോയ്സ് പറഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനം മുവാറ്റുപുഴ മുനിസിപ്പല്‍ ചെയര്മാന് പി.പി. എല്‍ദോസും ഓക്സിജന്‍ കോണ്സെന്ട്രേറ്റര് സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും നിര്‍വഹിച്ചു. ജോയ്സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോവിഡ് കെയര്‍ പദ്ധതിക്ക് നേതൃത്വം നല്കുന്ന ഡോ. ഹസ്സനും സന്നദ്ധ സംഘാംഗങ്ങളും സംസാരിച്ചു. ചെറിയാന് മാതേക്കല്‍, വില്‍സണ്‍ മാത്യു, സജി ചാത്തന്‍കണ്ടം, സബൂറ തുടങ്ങിയ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനു ശേഷം ഡോ. ഹസ്സന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം കോവിഡ് രോഗികളെ സന്ദര്‍ശിക്കുകയും വേണ്ട ചികില്‍സാ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.