ബെംഗളൂരു: സത്യപ്രതിജ്ഞാച്ചടങ്ങിന് തൊട്ടുപിന്നാലെ പുതിയ മന്ത്രിസഭയുടെ ആദ്യയോഗത്തിനായി വിധാന്‍ സൗധയിലെത്തി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയ ശില്പികളില് പ്രമുഖനായ ഡി.കെ. നിയമസഭാ മന്ദിരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഒരു നിമിഷം നിന്നു. പ്രാര്‍ത്ഥിച്ചു. പിന്നീട് ചവിട്ടുപടിയില്‍ കുമ്പിട്ടു. തൊട്ടുവണങ്ങി. അതിനുശേഷം പടികള്‍ കയറിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും നേരെ കൈയുയര്‍ത്തി വിജയ ചിഹ്നം കാട്ടി ആഹ്ലാദം പ്രകടിപ്പിച്ചു.
ജനങ്ങളുടെ അഭിലാഷങ്ങള്‍ നിവേറ്റാനുള്ള പുതിയ പ്രയാണത്തിലേക്ക് കടന്നിരിക്കുകയാണെന്നും സുസ്ഥിരവികസനവും പൊതുജനക്ഷേമവും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് താന്‍ ശപഥം ചെയ്യുകയാണെന്നും സംസ്ഥാന ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം ഡി.കെ. ശിവകുമാര്‍ ട്വീറ്റ് ചെയ്തു. കര്‍ണാടകയിലെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറയുന്നതായും ഡി.കെ. ശിവകുമാര്‍ കുറിച്ചു.
തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തിലെത്തിയത്. സിദ്ധാരാമയ്യയ്ക്ക് മുഖ്യമന്ത്രിപദത്തില്‍ ഇത് രണ്ടാമൂഴമാണ്. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ എന്നിവരെ കൂടാതെ എട്ട് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.


