ഹ്യുണ്ടായ് സാന്‍ട്രോ, 15 വര്‍ഷം മുമ്പ് ഇന്ത്യന്‍ നിരത്തുകളില്‍ മാരുതിയോട് ശക്തമായി പോരടിച്ച് നിന്നിരുന്ന ഹ്യുണ്ടായിയുടെ സ്വന്തം ഫാമിലി കാര്‍. മാരുതിയെ പോലെ തന്നെ സാധാരണക്കാരുടെ ഫാമിലി മാനായിരുന്നു സാന്‍ട്രോ. 2014 മുതല്‍ 2018 വരെ മാര്‍ക്കറ്റില്‍ നിന്ന് മാറിനിന്നെങ്കിലും ഏകദേശം 20 വര്‍ഷത്തോളം സാന്‍ട്രോ ഇന്ത്യന്‍ നിരത്തില്‍ നിറഞ്ഞുനിന്നു.
ഇപ്പോളിതാ സാന്‍ട്രോയുടെ ഇന്ത്യയിലെ വില്‍പ്പനയ്ക്ക് ഹ്യുണ്ടായ് ഫുള്‍സ്റ്റോപ്പിട്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ ഹ്യുണ്ടായ് പ്ലാന്റിലെ സാന്‍ട്രോയുടെ ഉത്പാദനം അവസാനിപ്പിച്ചിരിക്കുകയാണ്.
1998 ലാണ് ആദ്യതലമുറ സാന്‍ട്രോ വിപണിയിലെത്തിയത്. വന്‍ വില്‍പ്പനയാണ് സാന്‍ട്രോയ്ക്ക് അക്കാലത്ത് ലഭിച്ചത്. പീന്നീട് വന്ന സാന്‍ട്രോ സിങിനും വന്‍ വരവേല്‍പ്പ് തന്നെ ഇന്ത്യ നല്കി. 2014 ല്‍ പുതുമുഖവുമായി തിരിച്ചുവരാന്‍ ആദ്യ തലമുറ സാന്‍ട്രോ മാര്‍ക്കറ്റില്‍ നിന്ന് പിന്മാറി. 2018 ല്‍ പുതിയ മുഖവുമായി പുത്തന്‍ സാന്‍ട്രോ വിപണിയിലെത്തി. 3.9 ലക്ഷം രൂപ മുതല്‍ 5.5 ലക്ഷം രൂപ വരെയായിരുന്നു വാഹനത്തിന്റെ എക്സ് ഷോറൂം വില. 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി പുത്തന്‍ സാന്‍ട്രോയ്ക്ക് സിഎന്‍ജി വേരിയന്റും ലഭ്യമായിരുന്നു. ബഡ്ജറ്റ് കാറുകളില്‍ ഏറ്റവും മുകളിലായാണ് വിലയുടെ കാര്യത്തില്‍ സാന്‍ട്രോയെ ഹ്യുണ്ടായി പ്രതിഷ്ഠിച്ചത്. ടച്ച് സ്ക്രീന്‍ ഡിസ്പ്ലെയും റിയര്‍ എസി വെന്റുമെല്ലാം പുതിയ സാന്ട്രോയില് ഉള്‍പ്പെടുത്തിയിരുന്നു.
കാര്യങ്ങള്‍ അങ്ങനെയാണെങ്കിലും ഫീച്ചറുകളുടെ കുറവ് വിലക്കൂടുതലുമാണ് സാന്‍ട്രോയെ പ്രതികൂലമായി ബാധിച്ചത്. ഏറ്റവും കുറഞ്ഞ വേരിയന്റില്‍ എസി പോലും സാന്‍ട്രോയ്ക്ക് നല്‍കിയിരുന്നില്ല എന്നത് വാഹനത്തിന്റെ ബേസ് വേരിയന്റിന്റെ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചു. ഏറ്റവും ഉയര്‍ന്ന വേരിയന്റിന് അന്ന് നിലവിലുണ്ടായിരുന്ന ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നേക്കാളും കൂടുതല്‍ വിലയായിരുന്നു. കൂടുതല്‍ ഫീച്ചറുകളും ഇന്റീരയറും സ്പേസും എഞ്ചിന് കരുത്തുമുള്ള ഗ്രാന്‍ഡ് ഐ10 നേക്കാളും വില കൊടുത്ത് സാന്‍ട്രോ വാങ്ങാന്‍ ആള്ക്കാര് മടിച്ചു.
ഈ പ്രശ്നം മനസിലാക്കി 2019 ല്‍ സാന്‍ട്രോയുടെ കുറഞ്ഞ വേരിയന്റുകളുടെ വില ഹ്യുണ്ടായി കുറച്ചിരുന്നു. പക്ഷേ തൊട്ടുപിന്നാലെ നിലവില്‍ വന്ന ബിഎസ് 6 എമിഷന്‍ നോര്മ്സുകളുടെ ഭാഗമായി വന്ന കൂട്ടിച്ചേര്‍ക്കലുകള്‍ വാഹനത്തിന്റെ വില പിന്നെയും കൂട്ടി.
സാന്‍ട്രോ എന്ന പേരിന്റെ പേരില്‍ രണ്ടാം തലമുറ വാഹനം പുറത്തിറങ്ങിയ ആദ്യ നാളുകളില്‍ വില്‍പ്പന നേടിയിരുന്നെങ്കിലും പിന്നീട് കുറഞ്ഞുവന്നു.
കൂടാതെ ഇന്ത്യക്കാര്‍ക്ക് ഉയര്‍ന്ന ഡ്രൈവിങ് പൊസിഷനുള്ള വാഹനങ്ങളായ എസ്.യു.വി, കോംപാക്ട് എസ്.യു.വികളോട് ഇഷ്ടം കൂടിയതും സാന്‍ട്രോക്ക് വെല്ലുവിളിയായി. ഉദാഹരണമായി സാന്‍ട്രോയേക്കാളും ഫീച്ചറുകള്‍ കുറഞ്ഞ എസ്.യു.വി സ്റ്റാന്‍സുള്ള വാഹനമായ മാരുതിയുടെ എസ്പ്രസോ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 67,000 യൂണിറ്റുകളാണ്. പ്രതിമാസം ശരാശരി 5,500 യൂണിറ്റുകളാണ് എസ് പ്രസോയാണ് വില്‍ക്കുന്നത്. സാന്ട്രോയാകട്ടെ പ്രതിമാസം ശരാശരി വില്‍ക്കുന്നത് 2,000 യൂണിറ്റുകള്‍ മാത്രമാണ്.
മൂന്നാമതായി സാന്‍ട്രോയെ നിരത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ഹ്യുണ്ടായിയെ പ്രേരിപ്പിച്ച അടുത്ത ഘടകം എല്ലാ വാഹനങ്ങള്‍ക്കും ആറ് എയര്‍ ബാഗുകള്‍ വേണമെന്ന പുതിയ സര്‍ക്കാര്‍ ഉത്തരവാണ്. ഇതിനുവേണ്ടി സാന്‍ട്രോ വീണ്ടും ഡിസൈന്‍ മാറ്റേണ്ടി വരും. ഇത് വാഹനത്തിന്റെ വില പിന്നെയും കൂട്ടും. പ്രതിമാസം 2,000 യൂണിറ്റുകള്‍ മാത്രം വില്‍ക്കുന്ന ഒരു മോഡലിന് ഇനിയും ഒരു വിലക്കയറ്റം കൂടി താങ്ങാന്‍ സാധിക്കില്ല. ഇത് കൂടാതെ അടുത്ത എമിഷന്‍ നോര്മായ ബിഎസ് 6.2 സ്റ്റാന്ഡേര്ഡിലേക്കെത്താന് എഞ്ചിനിലും മാറ്റം വരുത്തേണ്ടി വരും. അതും ഹ്യുണ്ടായിയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചിട്ടുണ്ടാകും.
സാന്‍ട്രോ പോയതോടെ 5.39 ലക്ഷം രൂപയില്‍ എക്സ് ഷോറൂം വില ആരംഭിക്കുന്ന ഗ്രാന്‍ഡ് ഐ 10 നിയോസായിരിക്കും ഹ്യുണ്ടായിയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ വാഹനം.


