ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ. നിയമങ്ങൾ പിൻവലിക്കില്ലെന്ന കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവന സർക്കാരിൻ്റെ ധാർഷ്ട്യമാണ് വ്യക്തമാക്കുന്നതെന്ന് കർഷകസംഘടനകൾ പ്രതികരിച്ചു. നിയമങ്ങൾ പിൻവലിക്കാതെ നീക്ക് പോക്കില്ലെന്നും കിസാൻ മോർച്ച അറിയിച്ചു.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കർഷകർ സമരം തുടരുമ്പോളും നിയമങ്ങൾ സംബന്ധിച്ച് ചർച്ചയില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രസർക്കാർ. എന്നാൽ ഈ നിലപാട് തിരുത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയ കേന്ദ്രകൃഷി മന്ത്രി, നിയമങ്ങളിൽ ഭേദഗതി വരുത്താൻ ചർച്ചയാകാമെന്ന് അറിയിച്ചിരുന്നു. കൃഷിമന്ത്രിയുടെ പ്രസ്താവന വിശദമായി ചർച്ച ചെയ്ത സംയുക്ത കിസാൻ മോർച്ച കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കുകയാണ്.
കേന്ദ്ര സർക്കാർ നിയമങ്ങൾ പൂർണ്ണമായി പിൻവലിക്കണം എന്ന ആവശ്യം മുന്നോട്ടു വെച്ചാണ് കർഷ സംഘടനകൾ സമരം തുടങ്ങിയത്. അതിനാൽ നിയമത്തിൽ ഭേദഗതി വരുത്തിയാൽ പോരാ എന്നും അവർ പറയുന്നു. ഭേദഗതി വരുത്താം എന്ന പ്രസ്താവനകൾ കൊണ്ട് കർഷകരോഷം തണുപ്പിക്കാനാകുമെന്ന് കേന്ദ്രം കരുതേണ്ടെന്നെന്നും പ്രഖ്യാപിച്ച സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കിസാൻ മോർച്ച അറിയിച്ചു.


