ആലപ്പുഴ: കോവിഡ് 19 എന്ന മഹാമാരി കാലത്ത് കർഷകർക്ക് സഹായവുമായി കൃഷിവകുപ്പ്. ലോക്ക്ഡൗണും കനത്ത മഴയും കാറ്റും കാരണം ദുരിതത്തിലായ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ കപ്പ കര്‍ഷകര്‍ക്ക് ആണ് കൃഷിവകുപ്പ് താങ്ങായത്. ക്ഷീര സംഘങ്ങളുടെ സഹായത്തോടെ ബ്ലോക്കിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 20,289 കിലോ കപ്പയാണ് കൃഷി വകുപ്പ് വാങ്ങിച്ചത്.
പാലമേല്‍, നൂറനാട്, താമരക്കുളം എന്നി സ്ഥലനാളിൽ വെള്ളം കയറുന്നതിനാൽ അവർക്ക് മുൻഗണന നൽകിക്കൊണ്ടാണ് കപ്പ സംഭരിച്ചത്. സംഭരിച്ച കപ്പകളുടെ വില ഹോര്‍ട്ടികോപ്പ് വഴി കര്‍ഷകര്‍ക്ക് നല്‍കും. രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് തറവില അനുസരിച്ച് 12 രൂപ വീതവും രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ക്ക് ഏഴു രൂപ വീതവുമാണ് നൽകുക. പാലമേല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ക്ഷീര സംഘങ്ങളും കൃഷി ഭവനും വഴി 17,289 കിലോ കപ്പയും നൂറനാട് പഞ്ചായത്തില്‍ നിന്നും 2000 കിലോ കപ്പയും താമരക്കുളത്ത് നിന്ന് 1000 കിലോ കപ്പയുമാണ് ശേഖരിച്ചത്.
ചാരുംമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി. രജനി, പാലമേല്‍ കൃഷി ഓഫീസര്‍ പി. രാജശ്രീ, നൂറനാട് കൃഷി ഓഫീസര്‍ ആര്. അശ്വതി, താമരക്കുളം കൃഷി ഓഫീസര്‍ എസ്. ദിവ്യശ്രീ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കപ്പ ശേഖരിച്ചത്.


