കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാലു ദിവസം നീളുന്ന ഓണ വിപണികള്‍ക്ക് ജില്ലയില്‍ തുടക്കമായി. വിപണികളുടെ ജില്ലാ തല ഉദ്ഘാടനം കുറുപ്പംപടിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വ്വഹിച്ചു. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 120 ഓണ ചന്തകളാണ് നടത്തുന്നത്. ഓണക്കാലത്ത് കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുകയും ഉപഭോക്താകള്‍ക്ക് വിപണി വിലയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയുമാണ് ഓണ ചന്തകള്‍ വഴി കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ചതും ഹോര്‍ട്ടികോര്‍പ്പ് വഴി ലഭ്യമാക്കിയതുമായ പച്ചക്കറികളാണ് ചന്തകളില്‍ ഉള്ളത്. ഓണസദ്യ ഒരുക്കുന്നതിനാവശ്യമായ എല്ലാ ഇനം പച്ചക്കറികളും ചന്തകളില്‍ ലഭ്യമാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ ആദ്യ വില്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.ടി. അജിത്, അംബിക മുരളീധരന്, ഡെയ്സി ജെയിംസ്, രായമംഗലം ഗ്രാമ പഞ്ചായത്ത് അംഗം സജി പടയാട്ടില്‍, ഫാര്‍മര്‍ പ്രൊഡ്യൂസേഴ്സ് സംഘടന പ്രതിനിധി പി. എം. ജോസഫ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി ജോസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.എന്‍. മോളി തുടങ്ങിയവര്‍ പങ്കെടുത്തു. കുറുപ്പുംപടി ബസ് സ്റ്റാന്‍ഡിന് സമീപമാണ് ഓണ വിപണി തുറന്നിട്ടുള്ളത്. പെരുമ്പാവൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴില്‍ മറ്റ് ഏഴ് ഇടങ്ങളില്‍ കൂടി ഓണ ചന്തകള്‍ തുറന്നിട്ടുണ്ട്. സെപ്റ്റംബര്‍ ഏഴാം തീയതി വരെയാണ് ചന്തകളുടെ പ്രവര്‍ത്തനം .