കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിൽ നിലവിലെ കുറ്റപത്രം ദുർബലമെന്ന് ക്രൈംബ്രാഞ്ച് മേധാവി. ഉദ്യോഗസ്ഥരെയും പൊലീസിനെയും പൂർണ്ണമായും ഒഴിവാക്കിയുള്ള കുറ്റപത്രം കോടതിയിൽ നൽകിയാൽ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകുന്നതിന് മുന്നോടിയായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി കത്ത് നൽകി.
110 പേർ കൊല്ലപ്പെട്ട പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം 2018 നവംബര്‍ 28 നാണ് 52 പേരെ പ്രതികളാക്കി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്. ക്ഷേത്രം ഭാരവാഹികൾ, കരാറുകാർ അടക്കം 37 പേർക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയായിരുന്നു റിപ്പോർട്ട്. ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥനെയും പൊലീസ് ഉദ്യോഗസ്ഥരെയും പൂർണ്ണമായും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കുകയും സാക്ഷികൾ മാത്രമാക്കുകയും ചെയ്തു. ഈ കുറ്റപത്രത്തിന്റെ നിയമസാധുതയാണ് പുതുതായി ചുമതലയേറ്റ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ചോദ്യം ചെയ്യുന്നത്.


