മൂവാറ്റുപുഴ: കോളേജ് കവാടത്തിനു മുന്നിലെ റോഡില്‍ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ച വിദ്യാര്‍ഥിനിയുടെ സംസ്കാരം ഇന്ന് നടക്കും. നിര്‍മല കോളേജിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ഥിനി ആര്. നമിത (20) യാണ് മരിച്ചത്. ഒപ്പമുണ്ടായ കൂട്ടുകാരിക്ക് സാരമായി പരിക്കേറ്റു.
ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നമിതയുടെ മൃതദേഹം നിര്‍മല കോളേജില്‍ വ്യാഴാഴ്ച 11.30-ന് പൊതുദര്‍ശനത്തിന് വെക്കും. 3.30-ന് മൂവാറ്റുപുഴ നഗരസഭാ ശ്മശാനത്തില്‍ സംസ്കരിക്കും.
വാളകം കുന്നയ്ക്കാല്‍ വടക്കേ പുഷ്പകം വീട്ടില്‍ രഘുവിന്റെയും ഗിരിജയുടെയും മകളാണ് നമിത. കോട്ടയം പൂവക്കുളം മണിമലയില്‍ എം.ഡി. ജയരാജന്റെ മകള്‍ അനുശ്രീ രാജിനാണ് (20) പരിക്കേറ്റത്. ബൈക്ക് ഓടിച്ചിരുന്ന ഏനാനല്ലൂര്‍ കുഴുമ്പിത്താഴം കിഴക്കേമുട്ടത്ത് ആന്‍സണ്‍ റോയി (22) ക്കും പരിക്കുണ്ട്. ഇയാള്‍ ഏറെ നേരമായി കോളേജിനു മുന്നിലൂടെ അമിത വേഗത്തില്‍ ബൈക്കില്‍ കറങ്ങി നടക്കുകയായിരുന്നു.
കോളേജില്‍നിന്ന് പരീക്ഷ കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം വീട്ടില്‍ പോകാനെത്തിയതായിരുന്നു ഇവര്‍. തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ കോളേജ് കവാടത്തില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോള്‍ മൂവാറ്റുപുഴ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് ഇവരെ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ ഹാന്‍ഡിലില്‍ കുടുങ്ങിക്കിടന്ന നമിതയെയും കൊണ്ട് നൂറുമീറ്ററോളം ബൈക്ക് പാഞ്ഞു. പിന്നീട് നമിത റോഡില്‍ തലയിടിച്ച് വീണു. അനുശ്രീ റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കഴുത്തിനും തലയ്ക്കും സാരമായി പരിക്കേറ്റ നമിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടം നടക്കുമ്പോള്‍ നൂറുകണക്കിന് കുട്ടികള്‍ സ്ഥലത്തുണ്ടായിരുന്നു. കുട്ടികളാണ് ഓടിയെത്തി ഇവരെ മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിലെത്തിച്ചത്. നമിതയുടെ മൃതദേഹം നിര്‍മല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആര്. നന്ദിത സഹോദരിയാണ്.
അപകടമുണ്ടാക്കിയ ആന്‍സണ്‍ റോയ് മുന്‍പ് ചില കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അപകടം ഉണ്ടാകും മുന്‍പ് ഇയാള്‍ ബൈക്കിലെത്തി കോളേജിലെ ചില വിദ്യാര്‍ഥികളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.