കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 23 യാത്രക്കാര്‍ക്ക് പരിക്കേറ്റു.ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റിയ കെ.എസ്.ആര്.ടി.സി ബസ് പിന്നീട് പാടത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. കോട്ടയം -കുമളി റോഡില്‍ പാമ്പാടി നെടുംകുഴിക്ക് സമീപമാണ് അപകടം നടന്നത്.
കോട്ടയത്ത് നിന്ന് കുമളിയിലേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ലിമിറ്റഡ് സ്റ്റോപ്പ് വേണാട് ബസാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. ബസ് പകുതിയിലേറെ യാത്രക്കാരുമായി കുമളി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ഈ സമയം നെടുംകുഴിയിലെ ബാറിലെ ഇടവഴിയില്‍ നിന്നും ഓട്ടോറിക്ഷ പാഞ്ഞു വരുകയായിരുന്നു. എന്നാല്‍ ഈ ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റിയപ്പോഴാണ് ബസ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവര്ക്കും നിസാര പരിക്കുകള്‍ മാത്രമാണെന്നാണ് വിവരം.


