പെരുമ്പാവൂര്‍: കീഴില്ലത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഭാരവാഹനത്തില് കാറിടിച്ച് രണ്ട് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. പെരുമാനി സ്വദേശിയും ബില്‍ഡിംഗ് കോണ്‍ട്രാക്ടറുമായ മാടശേരി കല്ലറയ്ക്കല്‍ വീട്ടില്‍ എല്‍ദോ ജോസ് (53) , തൊഴിലാളിയായ ബംഗാള്‍ മൂര്‍ഷിദാബാദ് ഡൊങ്കല്‍ സ്വദേശി സ്വാതിന്‍ മണ്ഡല് (22) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവറായ അല്ലപ്ര കുറ്റിപ്പാടം പൂവത്തിനക്കുടി വീട്ടില്‍ അഫ്സലിനെ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലും ചേരാനല്ലൂര്‍ നെടുങ്കണ്ടത്തില്‍ വീട്ടില്‍ ഷാജനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരാള്‍ നിസാര പരിക്കുകളോടെ സാന്‍ജോ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ എം.സി.റോഡ് കീഴില്ലത്തിന് സമീപമായിരുന്നു അപകടം. തിരുവല്ലയിലെ ജോലി സൈറ്റില്‍ നിന്നും മടങ്ങി വരവെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ച എല്‍ദോസിന്റെ ഭാര്യ സോഫി.മക്കള്‍: എമിന് സൂസന് എല്‍ദോ, ഏലിയാസ് എം എല്‍ദോ. സംസ്ക്കാരം ഇന്ന് വൈകിട്ട് നാലിന് പെരുമാനി സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും. ഏഴ് വര്‍ഷം മുമ്പ് കേരളത്തിലെത്തിയ സ്വാതിന്‍ മണ്ഡലിന് ഭാര്യയും മൂന്ന് മാസം പ്രായമായ ഒരു കുട്ടിയുമുണ്ട്. ഞായറാഴ്ച്ച നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്ത് വെച്ചിരുന്നു. ഇയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.


