ആലുവ:ഏഴുവയസുകാരനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ കാര്‍ കസ്റ്റഡിയില്‍ . ഇടപ്പള്ളി സ്വദേശിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള കാര്‍ ഓടിച്ച ബന്ധുവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയെ കാര്‍ ഇടിച്ചത് താന്‍ അറിഞ്ഞില്ലെന്ന് ഇയാള്‍ പൊലീസ് മൊഴിനല്‍കി. അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെങ്കില്‍ നടപടിയുണ്ടാകുമെന്ന് ആലുവ റൂറല്‍ എസ്പി പറഞ്ഞു.
മെറ്റാലിക് നീല നിറത്തിലുള്ള കാറാണ് ഏഴുവയസുകാരനെ ഇടിച്ചിട്ട് ശരീരത്തിലൂടെ കയറിയിറങ്ങി പോയത്. ആലുവ വാഴക്കുളം സ്വദേശി പ്രജിത് ഓടിച്ച ഓട്ടോയുടെ പിന്നിലിരുന്ന മകന് നിഷികാന്ത് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.തൊട്ടുപിന്നാലെ കാര്‍ കുട്ടിയെ ഇടിച്ചിട്ട് കടന്നുപോകുന്ന തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പൊലീസ് അനങ്ങിയില്ല. പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്ന് ഇതിനിടെ ബന്ധുക്കളോട് പൊലീസ് പറഞ്ഞതും വലിയ വിമര്‍ശനത്തിന് ഇടയാക്കി .
പ്രശ്നം വഷളാകുന്നത് കണ്ട് പിന്നാലെ കുട്ടി ചികില്‍സയിലുള്ള ആശുപത്രിയില്‍ എത്തി രാത്രി പൊലീസ് അച്ഛന്റെയടക്കം മൊഴി രേഖപ്പെടുത്തി. വാഹന നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇന്ന് രാവിലെ ഇടപ്പള്ളിയില്‍ നിന്ന് കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തതും. വെന്റിലേറ്ററില്‍ കഴിയുന്ന നിഷികാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആന്തരിക രക്തസ്രാവത്തിന് പുറമെ കുട്ടിയുടെ കരളിനും ഇടുപ്പെല്ലിനും പരുക്കേറ്റിട്ടുണ്ട്.


