സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍ പൊട്ടലിലും വിവിധ ജില്ലകളിലായി 13 പേര് മരിച്ചു. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരും കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടു പേരും മരിച്ചു.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര് മരിച്ചു. ഒരാളെ കാണാതായി. ഉരുള്‍പൊട്ടലുണ്ടായി കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിലില്‍ ഇവര്‍ ഒലിച്ചുപോവുകയായിരുന്നു. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാളിക്കാവ്, നിലമ്പൂര്‍, കരുവാരകുണ്ട് മേഖലകളില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. പല സ്ഥലങ്ങളിലും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടിട്ടുണ്ട്. നിലമ്പൂരില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പന്‍കുണ്ടില്‍ പുഴ വഴിമാറി ഒഴുകിയതിനെ തുടര്‍ന്ന് ഒരാളെ കാണാതായി. കണ്ണപ്പന്‍കുണ്ട് സ്വദേശിയായ രജീഷാണ് കാറടക്കം ഒഴുക്കില്‍പ്പെട്ടത്. കനത്ത നാശനഷ്ടം. പുഴ 15 മീറ്റര്‍ മാറി ഒഴുകുകയും മലവള്ളെപ്പാച്ചില്‍ ഉണ്ടാവുകയുമായിരുന്നു. നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇവിടെ ശക്തമായ മഴ തുടരുകയാണ്.
കനത്ത മഴ തുടരുന്ന വയനാട് വൈത്തിരിയിലും ഉരുള്‍പൊട്ടി. വൈത്തിരി പോലീസ് സ്റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഇതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന് ഭാഗികമായി തകര്‍ന്നു. സ്റ്റേഷനുള്ളില്‍ മണ്ണ് നിറഞ്ഞ് കിടക്കുകയാണ്. വൈത്തരിയില്‍ തന്നെ ലക്ഷം വീട് കോളനിയിലെ മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മണ്ണ് ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ലില്ലി എന്ന സ്ത്രീയാണ് മരിച്ചത്.ജില്ലയിലെ മറ്റ് ഭാഗങ്ങളിലും വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബാണാസുര സാഗര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. ഡാമിന് താഴെയുള്ള പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണിയാണ്. ജില്ലയിലാകമാനം 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
അതേസമയം താമരശേരി ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. രണ്ട് ദിവസമെങ്കിലും കഴിയാതെ തടസ്സം നീക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാര്‍ താമരശ്ശേരി ചുരത്തില്‍ കുടുങ്ങി കിടക്കുകയാണ്. നേരത്തെ വയനാട്ടിലേക്കുള്ള കുറ്റ്യാടി ചുരവും പാല് ചുരവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.അടിമാലി- മൂന്നാര്‍ റൂട്ടില്‍ ദേശീയ പാതയ്ക്കു സമീപം പുത്തന്‍കുന്നേല്‍ ഹസന് കോയ എന്നയാളുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്. ഹസ്സന് കോയയുടെ ഭാര്യ ഫാത്തിമ, മകന് മുജീബ്, ഭാര്യ ഷമീന, മക്കളായ ദിയാ ഫാത്തിമ, ദിയാ സന എന്നിവരാണ് മരിച്ചത്. ഹസന് കോയയും ബന്ധു സൈനുദ്ദീനും പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇടുക്കി കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടി രണ്ട് പേര് മരിച്ചു. കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ കൂടക്കുന്നേല്‍ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. രണ്ടു പേരുടേയും മൃതദേഹം കണ്ടെടുത്തു . ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം.