കൊച്ചി: മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കുളച്ചല്‍ സ്വദേശികളാണ് മരിച്ചവര്‍. മലയാളി അടക്കം മൂന്നുപേരെ രക്ഷപ്പെടുത്തി. മറ്റു രണ്ടുപേര്‍ കൊല്‍ക്കത്ത, കുളച്ചല്‍ സ്വദേശികളാണ്. കടലില്‍ ഒഴുകി നീങ്ങുകയായിരുന്ന ഇവരെ മറ്റു മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.തമിഴ്നാട് കുളച്ചല്‍ സ്വദേശികളായ യുഗനാഥന്‍ (45), മണക്കുടി (50), യാക്കൂബ് (57) എന്നിവരാണ് മരിച്ചത്. 14പേരാണ് ബോട്ടിലുണ്ടായിരുന്നത്. വടക്കന്‍ പരവൂര്‍ സ്വദേശിയടക്കം രണ്ടുപേരെ രക്ഷപ്പെടുത്തി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോട്ടിലുണ്ടായിരുന്ന ഒമ്പതുപേരെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇവരെ കണ്ടെത്താനായി മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.
പുലര്‍ച്ചെ മൂന്നു മണിയോടെ നാട്ടിക തീരത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെ പടിഞ്ഞാറന്‍ പുറംകടലിലാണ് അപകടം. മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ഓഷ്യാന എന്ന ബോട്ടില്‍ കപ്പല്‍ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം കപ്പല്‍ നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്ന് മുങ്ങി.
തമിഴ്നാട്, ബംഗാള്‍ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. വടക്കന്‍ പറവൂര്‍ സ്വദേശിയും ബോട്ടില്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. അതേസമയം, ഇടിച്ച കപ്പല്‍ കണ്ടെത്താനുളള ശ്രമം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കപ്പല്‍ കണ്ടെത്താന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
മുനമ്പത്ത് മത്സ്യബന്ധനത്തിനുപോയ ബോട്ടില്‍ ഇടിച്ചത് ഇന്ത്യന്‍ കപ്പല്‍. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. ചെന്നൈയില്‍ നിന്ന് ദേശ് ശക്തിയെന്ന കപ്പലാണ് അപകടമുണ്ടാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇറാഖിലേക്ക് പോകുകയായിരുന്നു ദേശ് ശക്തി.


