തിരുവനന്തപുരം: നടന് മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. പ്രധാനപാതയിലേക്ക് വന്ന കാറിലേക്ക് ബൈക്ക് ഇടിച്ചുകയറുന്നത് ദൃശ്യങ്ങളില്‍ കാണാം. കാറില്‍ ഇടിച്ചു തെറിച്ച ബൈക്കില്‍ നിന്നും യുവാക്കള്‍ റോഡിലേക്ക് വീഴുന്നതും ഈ സമയത്ത് നടന് കാര്‍ നിര്‍ത്താതെ പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
അതേസമയം, ഹോണ്‍ അടിച്ചാണ് വന്നതെന്നും അടുത്തെത്തിയപ്പോള്‍ കാറിടിക്കുകയായിരുന്നുവെന്നും അപകടത്തില്‍ പരിക്കേറ്റ യുവാവ് മീഡിയവണിനോട് പറഞ്ഞു. ‘വഴുതാക്കാട് വഴി വരുന്ന സമയത്ത് ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് ഒരു കാറിന്റെ ഹെഡ് ലൈറ്റ് കണ്ടിരുന്നു. ഹോണ്‍ അടിച്ചാണ് ഞങ്ങള്‍ വന്നത്. അടുത്ത് എത്താറായപ്പോള്‍ കാര്‍ പെട്ടന്ന് വന്ന് ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാര്‍ ബൈക്ക് നിരക്കി കൊണ്ടുപോകുകയും പിന്നെ നിര്‍ത്താതെ ഓടിച്ചുപോകുകയും ചെയ്തു. അപകടത്തിന് ശേഷം കുറച്ച് നേരം റോഡില്‍ കിടന്നു. നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്’. പരിക്കേറ്റ യുവാവ് പറഞ്ഞു.


