മലയാളിക്ക് പ്രിയപ്പെട്ട സംഗീതജ്ഞന് ബാലഭാസ്കര്‍ (40) അകാലത്തില്‍ പൊലിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വയലിനില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച ബാലഭാസ്കര്‍, ദേശീയപാതയിലെ പള്ളിപ്പുറത്തുണ്ടായ കാറപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഇവിടെ ചികിത്സയിലായിരുന്നു. ആരോഗ്യനിലയില്‍ തിങ്കളാഴ്ച വൈകിട്ട് നേരിയ പുരോഗതി യുണ്ടായെങ്കിലും വീണ്ടും സ്ഥിതി വഷളാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.

കഴിഞ്ഞ മാസം 25ന് പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരം പള്ളിപ്പുറം സി.ആര്.പി.എഫ് ക്യാമ്പിന് സമീപത്തെ ശ്രീപാദം കോളനിക്ക് മുന്നിലായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് തകര്‍ന്നത്. ഒപ്പമുണ്ടായിരുന്ന മകള്‍ തേജസ്വിനി ബാല (രണ്ട് വയസ്) അപ്പോള്‍ തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ചികിത്സയിലാണ്.ഡ്രൈവര്‍ അര്‍ജ്ജുനും ചികിത്സയിലാണ്. തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് തിരുമലയിലെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്.
ബാലഭാസ്കര്‍
1978 ജൂലായ് 10ന് കെ.സി.ഉണ്ണിയുടെയും ബി.ശാന്തകുമാരിയുടെയും മകനായി തിരുവനന്തപുരത്താണ് ജനനം. തിരുവനന്തപുരം മോഡല്‍ സ്കൂള്‍, മാര്‍ ഇവാനിയസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വയലിനിസ്റ്റായ അമ്മാവന് ബി. ശശികുമാറിന്റെ ശിക്ഷണത്തില്‍ മൂന്ന് വയസു മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ ബാലഭാസ്കര്‍ ആദ്യമായി വയലിനുമായി സ്റ്റേജിലെത്തിയത് പന്ത്രണ്ടാം വയസിലാണ്. അഞ്ചു വര്‍ഷം തുടര്‍ച്ചയായി കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ വയലിനില്‍ ഒന്നാംസ്ഥാനം നേടിയ ബാലഭാസ്കര്‍ പതിനേഴാം വയസില്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്ക് സംഗീതം ചെയ്ത് മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി. തുടര്‍ന്ന് മൂന്ന് സിനിമകള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതമൊരുക്കി. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന് പരിചയപ്പെടുത്തിയതും ഇന്തോ വെസ്റ്റേണ്‍ ഫ്യൂഷന്‍ പരിചയപ്പെടുത്തിയതും ബാലഭാസ്കറാണ്. പുതുതായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കിനിടയിലാണ് മകള്‍ക്ക് വഴിപാട് നടത്താന്‍ ബാലഭാസ്കര്‍ സമയം കണ്ടെത്തിയത്.
ബാലഭാസ്കറിന്റെ സംസ്കാരം
ബുധനാഴ്ച തിരുമലയിലെ വീട്ടുവളപ്പില്‍ നടത്തും.


