തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും അതിതീവ്രമഴക്ക് സാധ്യത. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ചൊവ്വാഴ്ച അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എന്നാല്‍ ഞായറാഴ്ച കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ വീണ്ടും മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പ്പൊട്ടല്‍ സാധ്യതപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണം.


