കമല്‍ ഹാസന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് മക്കള്‍ നീതി മയ്യത്തില്‍ കൂട്ടരാജി. ജനാധിപത്യ രീതിയില്‍ നിന്ന് വ്യതിചലിക്കുന്നുവെന്ന് ചൂണ്ടിക്കാണ്ടി പാര്‍ട്ടി വൈസ് പ്രസിഡന്റ് ആര്. മഹേന്ദ്രന്, വി. പൊന്‍രാജ് അടക്കം പത്തോളം പേരാണ് പാര്‍ട്ടി വിട്ടത്. നേതൃത്വത്തിന്റെ പ്രവര്‍ത്തന ശൈലി അംഗീകരിക്കാന്‍ കഴിയില്ലെന്നും ചിലരുടെ മാത്രം കൈപ്പിടിയിലാണെന്നും രാജിക്കുശേഷം മഹേന്ദ്രന് ആരോപിച്ചു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ എ.ജി. മൗര്യ, ഉമാദേവി, സി.കെ. കുമരാവേല്, എം.മുരുകാനന്ദം, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുരേഷ് അയ്യര്‍ എന്നിവരും രാജി സമര്‍പ്പിച്ചു. നിയസഭാ തെരഞ്ഞെടുപ്പില്‍ സിംഗനല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച മഹേന്ദ്രന്, രാജിക്കൊപ്പം പാര്‍ട്ടി വിടുന്നതിന്റെ കാരണം വിശദീകരിച്ച് അധ്യക്ഷന്‍ കത്ത് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ ആയിരുന്നില്ലെന്നും ഇത് അംഗീകരിക്കാന്‍ കമല്ഹാസന് തയ്യാറായില്ലെന്നും മഹേന്ദ്രന് ആരോപിച്ചു.
അതേസമയം മക്കള്‍ നീതി മയ്യം സ്വയം വിമര്‍ശനം നടത്തുന്ന പാര്‍ട്ടിയല്ലെന്ന് വി. പൊന്‍രാജ് വിമര്‍ശിച്ചു. എ.പി.ജെ അബ്ദുല്‍ കലാമിന്റെ ശാസ്ത്ര ഉപദേശകനായ പൊന്‍രാജ് കഴിഞ്ഞ മാര്‍ച്ചിലാണ് മക്കള്‍ നീതി മയ്യത്തില്‍ ചേര്‍ന്നത്. സ്ഥാപക നേതാക്കളിലൊരാളായ കമീലാ നാസര്‍ നിയമസഭയില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് രാജിവച്ചിരുന്നു.


