മൂവാറ്റുപുഴ നഗരസഭയുടെ കീഴില്‍ സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന സ്നേഹവീട് അക്ഷരാര്‍ത്ഥത്തില്‍ സ്നേഹം കൊണ്ട് പൊതിഞ്ഞ ഒരു ദിവസമായിരുന്നു, ഇവിടത്തെ എണ്‍പതിന് മുകളില്‍ പ്രായം ഉള്ള അമ്മച്ചിയും എട്ട് വയസ് പ്രായമുള്ള കുഞ്ഞ് കുട്ടികളുമായി സന്തോഷവും സങ്കടവും കളിയും ചിരിയുമായി ഒരു ദിവസം.

ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വിദ്യാര്‍ത്ഥികളും സ്കൂളിലെ കൗണ്‍സിലറുമായ ഹണി സന്തോഷിന്റെ കുടുംബാംഗങ്ങളും സിയാന് സന്തോഷിന്റെ ജന്മദിനം ആഘോഷിക്കാനായാണ് സ്നേഹവീടില്‍ ഒത്തൊരുമിച്ചത്.

സ്വന്തം വീട്ടുകാരില്‍ നിന്നും അകന്ന് താമസിക്കുന്ന ഇവിടത്തെ അമ്മമാര്‍ക്ക് സ്വന്തം മക്കളെയും ചെറുമക്കളെയും തിരിച്ച് കിട്ടിയ സന്തോഷത്തിലാണ്. ഇവരുടെ കണ്ണീരിലലിയുന്ന അനുഭവങ്ങള്‍ക്ക് മുന്നില്‍ എല്ലാപേരും കരഞ്ഞുപോയി എങ്കിലും ഒരുമിച്ചുള്ള കേക്ക് മുറിക്കലും മധുര പലഹാരങ്ങള്‍ കഴിക്കലും അനുഭവം പങ്കുവെയ്ക്കലുമെല്ലാം മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു. ഈ സ്നേഹ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ഇവിടത്തെ അമ്മച്ചിമാര് വിദ്യാര്‍ത്ഥികള്‍ക്ക് ചായയും മധുര പലഹാരങ്ങളും നല്കി സ്വീകരിച്ചു. ഇവിടത്തെ അന്തേവാസികളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മുവാറ്റുപുഴയില്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്നവര്‍ക്കായി മുപ്പതോളം ഭക്ഷണപ്പൊതികളും ശരിയാക്കി.


