ചെറുതോണി: സന്‍സദ് ആദര്‍ശ് ഗ്രാം പഞ്ചായത്തായ വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിലെ നാളിയാനി – കോഴിപ്പിള്ളി – കുളമാവ് റോഡിന് 5 കോടി 38 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ: ജോയ്സ് ജോര്‍ജ്ജ് എം പി അറിയിച്ചു. പ്രധാന്‍മന്ത്രി ഗ്രാം സടക്ക് യോജനയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. നാളിയാനി – കോഴിപ്പിള്ളി – കുളമാവ് വരെ 7.5 കിലോ മീറ്റര്‍ ദൂരമാണ് നിര്‍മ്മിക്കുന്നത്. ഗോത്രവര്‍ഗ്ഗ ജനവിഭാഗങ്ങളും കര്‍ഷകരും തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയുടെ സാമൂഹ്യ പുരോഗതിയ്ക്ക് റോഡ് നിര്‍മ്മാണം വലിയതോതില്‍ പ്രയോജനം ചെയ്യുമെന്നും എം പി പറഞ്ഞു. ആലക്കോട് – ഇടവെട്ടി – വെള്ളിയാമറ്റം പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറ്റവും പെട്ടന്ന് ജില്ലാ ഭരണ കേന്ദ്രത്തിലേയ്ക്ക് എത്തിച്ചേരാന്‍ കഴിയുന്ന റോഡാണിത്. കുളമാവിലേയ്ക്കുള്ള റോഡ് തെളിയുക എന്നത് കാലങ്ങളായുള്ള ആവശ്യമാണെന്നും ഈ റോഡിന് ഫണ്ട് അനുവദിപ്പിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷമുണ്ടെന്നും എം പി പറഞ്ഞു. തന്റെ കാലയളവില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈയില്‍ പണിയുന്ന 61- മത്തെ റോഡാണിതെന്നും എം പി പറഞ്ഞു.