ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തോട് യോജിക്കേണ്ടെന്ന് സി.പി.എം തീരുമാനം. ബാലറ്റിലേക്ക് മടങ്ങുന്നത് തിരഞ്ഞെടുപ്പ് വൈകാനിടയാക്കും. അതിനാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി ഇക്കാര്യത്തില്‍ സഹകരിക്കേണ്ടതില്ലെന്നും പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമായി. ബാലറ്റ് പേപ്പര്‍ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ നിര്‍ണായക തീരുമാനം.
അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ സഖ്യസാധ്യതകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ പി.ബി സംസ്ഥാന ഘടകങ്ങളോട് നിര്‍ദ്ദേശിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ സെപ്തംബറില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം പരിശോധിച്ച് വേണ്ട തീരുമാനമെടുക്കും.
അടുത്തകൊല്ലം നടക്കേണ്ട ലോക്സഭാ തിരഞ്ഞെടുപ്പ് സുതാര്യമാകാന്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏകപക്ഷീയ വിജയം നേടിയ ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിലാണിത്. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി, എന്‍.സി. പി, ആര്.ജെ.ഡി, ആം ആദ്മി പാര്‍ട്ടി, വൈ.എസ്.ആര് കോണ്‍ഗ്രസ്, ഡി.എം.കെ, ജെ.ഡി.എസ്, ടി.ഡി.പി, കേരള കോണ്‍ഗ്രസ് (എം), സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് ബാലറ്റ് പേപ്പര്‍ വേണമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാനിരിക്കുന്നത്.


