ഓട്ടോറിക്ഷകളിലെ എല്‍ഡിഎഫ് പ്രചാരണ പോസ്റ്ററുകളെ ചൊല്ലി വിവാദം. ഉറപ്പാണ് എല്‍ഡിഎഫ് എന്ന പ്രചരണ വാക്യത്തോടെയുള്ള പോസ്റ്ററുകളും ഫ്ളക്സുകളുമാണ് ഓട്ടോറിക്ഷകള്‍ക്ക് മുകളില്‍ പതിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 500 ഓളം ഓട്ടോകള്‍ക്ക് മേല്‍ ഇത്തരം പോസ്റ്ററുകളുണ്ട്. ഇത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തി. ചട്ടലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് ഒത്താശ ചെയ്യുന്നു എന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
മോട്ടോര്‍ വാഹന നിയമമുനസരിച്ച് ഓട്ടോറിക്ഷകളുടെ മുന്‍ഭാഗം മഞ്ഞ നിറത്തിലും ബാക്കി ഭാഗം കറുപ്പ് നിറത്തിലുമായിരിക്കണം. എന്നാല്‍ നിരവധി ഓട്ടോറിക്ഷകളുടെ മേല്‍ഭാഗം മുഴുവനായും എല്‍ഡിഎഫ് പ്രചരണ പോസ്റ്ററാണ്.
ഓട്ടോറിക്ഷകളില്‍ പോസ്റ്റര്‍ പതിക്കണമെങ്കില്‍ ഒരു സ്ക്വയര്‍ സെന്റീമീറ്ററില്‍ നിശ്ചിത തുക ഫീസ് നല്‍കേണ്ടതുണ്ട്. എന്നാല്‍ എല്‍ഡിഎഫ് പോസ്റ്റര്‍ പതിച്ച ഓട്ടോറിക്ഷകള്‍ ഫീസ് അടച്ച് അനുമതി നേടിയിട്ടില്ല.
തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ ഇത് സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ചട്ടലംഘനം മോട്ടോര്‍ വാഹന വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആരോപണം. അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കുമെന്ന് സനല്‍ പറഞ്ഞു.


