പാറമടയുടെ അടുത്താണ് നിങ്ങളുടെ വീടെങ്കില്‍ , അവിടെ നിന്നും വരുമാനത്തിനുള്ള വഴിയൊരുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പുത്തന്കുരിശ്ശ് സ്വദേശിയായ ഷാജി. പുത്തന്‍കുരിശിലെ പഴയൊരു പാറമടയാണ് ഷാജിയുടെ കൃഷിയിടം. വസ്ത്രനിര്മ്മാണയൂണിറ്റുകള് ഉള്‍പ്പെടെ പല ബിസിനസിലെ പണം നിക്ഷേപിച്ചു എങ്കിലും വരുമാനം കണ്ടെത്താനായില്ല. ബിസിനസ്സുകള്‍ ഒന്നിന് പുറകെ ഒന്നായി പരാജയപ്പെട്ടപ്പോഴാണ് പാറപൊട്ടിക്കല്‍ തീര്‍ന്ന് പന്ത്രണ്ടു വര്‍ഷം വെറുതെ കിടന്ന രണ്ടരയേക്കര്‍ പാറമടയില്‍ താറാവ്കൃഷി ആരംഭിക്കാന്‍ എന്ന് തോന്നിയത്.
ഇന്ന് ഷാജിയുടെ മുഖ്യ വരുമാനമാര്‍ഗം നാടന്‍ താറാമുട്ടയുടെ വില്‍പ്പനയാണ്. ദിവസം ശരാശരി 100 മുട്ട വില്‍ക്കാനുണ്ട്. ഒന്നിന് എട്ടു രൂപ നിരക്കില്‍ 800 രൂപ ദിവസ വരുമാനം ലഭിക്കുന്നു. അതായത് മുട്ട വിറ്റ ഇനത്തില്‍ മാസം 24,000 രൂപ വരുമാനം. ചില കാലങ്ങളില്‍ മുട്ടയുല്പാദനം 200-250 വരെ ഉയരാറുണ്ട് എന്ന്ഷാജി വ്യക്തമാക്കുന്നു. ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയാത്രയും പുത്തന്കുരിശിലെതന്നെ ചെറുകടകളിലാണു വില്‍ക്കുന്നത്. അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന ദിവസങ്ങളില്‍ മാത്രം മുട്ടവ്യാപാരികള്ക്കു നല്‍കും. അപ്പോള്‍ ഒരു മുട്ടയ്ക്ക് ഏഴു രൂപ വച്ച് മാത്രമേ ലഭിക്കൂ.
ഷാജിയുടെ കൈവശം 250 ല്‍ പരം പിടത്താറാവുകള്‍ ഉണ്ട്. കൂടുതല്‍ താറാവുകളെ വളര്‍ത്താനുള്ള ശ്രമത്തിലാണ് ഷാജി. നെറ്റ് വളച്ചുകെട്ടി അതില്‍ ഒരു മാസം കൂടി പരിപാലിക്കും. ശേഷം ആജീവനാന്ത സ്വാതന്ത്ര്യം. മുട്ടയുല്പാദനത്തില് മുന്നിലാണ് കുട്ടനാടന്‍ താറാവുകള്‍. ആറു മാസമെത്തുന്നതോടെ മുട്ടയിട്ടു തുടങ്ങും. താറാവുകള്‍ പുലര്‍ച്ചെയാണ് മുട്ടയിടുന്നത്. അതിനാല്‍ ശേഖരണവും സുഖമാണ്.
ആലപ്പുഴ ജില്ലയില്‍ നിരണത്തുള്ള സര്ക്കാര്ഫാമില്നിന്നു ചാര, ചെമ്പല്ലി ഇനങ്ങളുടെ ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ ഒന്നിന് 15 രൂപ നല്കി വാങ്ങും. അവിടെ ലഭിക്കാത്തപക്ഷം സ്വകാര്യ ഹാച്ചറിയില്‍നിന്ന്. ഒരാഴ്ച ചൂടും സ്റ്റാര്‍ട്ടര്‍ തീറ്റയും നല്കി വീട്ടില്‍ തന്നെ ബ്രൂഡറില്‍ പരിപാലനം. തുടര്‍ന്ന് ഫാമിലേക്കു മാറ്റും. പരിപാലനം എളുപ്പമാണെന്ന് ഷാജി പറയുന്നു. ഇറച്ചിക്ക് വേണ്ടി പൂവന് താറാവുകളെയും ഷാജി വില്‍ക്കുന്നുണ്ട്. 180 രൂപയ്ക്കാണ് പൂവന് താറാവുകളെ വില്‍ക്കുന്നത്


