സംസ്ഥാനത്ത് അതിശക്തമഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടുന്നതോടെ തെക്കന്‍ തമിഴ്നാട്ടിലും തെക്കന്‍ കേരളത്തിലും മഴ കനക്കും. ഒറ്റപ്പെട്ട അതിതീവ്ര മഴക്കും സാധ്യതയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റായാല്‍ മാലിദ്വീപ് നിര്‍ദ്ദേശിച്ച ബുറേവി എന്ന പേരാകും നല്‍കുക. കാലാവസ്ഥ വ്യതിയാനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിരീക്ഷിച്ച് വരികയാണ്.


