കോട്ടയം: കുമ്പസാരരഹസ്യം ചുഷണം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി അറസ്റ്റിലായ വൈദികന്റെ കുറ്റസമ്മതം. ബലാത്സംഗക്കേസില്‍ മൂന്നാം പ്രതിയായ ഫാ. ജോണ്സന് വി. മാത്യൂ വിനെ കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി.
ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇതുവരെ തീരുമാനം എടുത്തിരുന്നില്ല. ഇയാളെ തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. രണ്ടാം പ്രതിയായ ജോബ്.കെ. മാത്യുവിനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. വൈദികശന്റ ജാമ്യപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് അപ്രതീക്ഷിതമായി അന്വേഷണസംഘം പിടികൂടിയത്.
വൈകുന്നേരത്തോടുകൂടി വൈദികനെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മറ്റു നടപടികള്‍ പൂര്‍ത്തിയാക്കും. കാറിനുള്ളില്‍ വെച്ച് പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറുകയും അശ്ശീല സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തുവെന്നാണ് ജോണ്സന് വി. മാത്യുവിനെതിരായ പരാതി. കേസില്‍ കീഴടങ്ങാനുള്ള രണ്ട് വൈദികരും ഉടന്‍ കീഴടങ്ങണമെന്നും ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റുമായി മുന്നോട്ട് പോകുമെന്നുമാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്. കേസിലെ ഒന്നും നാലും പ്രതികളായ ജെയ്സ് കെ. ജോര്‍ജ്, എബ്രാഹം വര്‍ഗ്ഗീസ് എന്നിവരാണ് കീഴടങ്ങാനുള്ളത്. മൂന്നാം പ്രതിയുടെ ജാമ്യം ഹൈക്കോടതി പരിഗണനയിലാണ്.


