സെവിയ്യയെ തകര്‍ത്ത് ബയേണിന് സൂപ്പര്‍ കപ്പ്. നിശ്ചിത സമയത്തില്‍ 1-1 സമനിലയില്‍ പിരിഞ്ഞ മത്സരം അധിക സമയത്തിലേക്ക് കടക്കുകയായിരുന്നു. ലവന്റോസ്കിയും മുള്ളറും പവാഡുമെല്ലാം ഒട്ടനവധി അവസരങ്ങള്‍ സൃഷ്ടിച്ച് മുന്നേറിയപ്പോള്‍ എല്ലാ നീക്കങ്ങളും തകര്‍ത്ത സെവിയ്യക്ക് 104ാം മിനിറ്റില്‍ പിഴച്ചു. ബയേണിന് ലഭിച്ച കോര്‍ണര്‍ കിക്ക് ജാവി മെര്ട്ടീനസ് ഗോളാക്കുകയായിരുന്നു.
തുടക്കത്തില്‍ സെവിയ്യക്ക് ലഭിച്ച പെനാല്‍റ്റി ലുക്കാസ് ഒകാമ്പോസ് ഗോളാക്കിമാറ്റി 13ാം മിനിറ്റില്‍ തന്നെ സെവിയ്യയെ മുന്നിലെത്തിച്ചു. എന്നാല്‍ മത്സരത്തിന്ന്റെ 34ാം മിനിറ്റില്‍ ഗൊരെസ്കയിലൂടെ ബയേണ്‍ സമനില പിടിച്ചു.
പിന്നീട് ഇരുടീമുകള്‍ക്കും ഒട്ടനവധി അവസരങ്ങള്‍ ലഭിച്ചു. ബയേണ്‍ തനത് ആക്രമണം പുറത്തെടുത്തു. ബയേണ്‍ ഗോള്‍കീപ്പര്‍ മാന്യുവല്‍ ന്യൂയറിന്റെ നേരിട്ടുള്ള സേവുകള്‍ വിജയത്തില്‍ നിര്‍ണായകമായി. ഈ വിജയത്തോടെ തോല്‍വിയറിയാതെ 32 മത്സരങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ബയേണ്‍. ഇവര്‍ അവസാനമായി തോല്‍വിയറിയുന്നത് 2019 ഡിസംബറിലാണ്.