കൊല്ലം: ഹൈസ്കൂള്‍ അധ്യാപിക അയത്തില്‍ സിനി(46) തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ചോദ്യംചെയ്തുവരുന്നു. പിടിയിലായ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ സോഫ്റ്റ്വേര്‍ എന്‍ജിനീയറുടെ മൊഴി പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.
ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട ഇരുപത്തിയേഴുകാരനായ യുവാവുമായുള്ള ബന്ധം നാട്ടുകാര്‍ അറിയാനിടയായതാണു തൂങ്ങിമരിക്കാന്‍ കാരണമെന്നാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അധ്യാപികയുടെ വീട്ടില്‍നിന്നു യുവാവിന്റെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷിക്കണേയെന്ന് അലറിവിളിക്കുന്ന യുവാവിനെയാണു കണ്ടത്. വസ്ത്രം കീറിയ നിലയിലായിരുന്ന ഇയാളുടെ ശരീരത്തുനിന്നു രക്തമൊഴുകുന്നുണ്ടായിരുന്നു. നാട്ടുകാരെത്തിയതറിഞ്ഞ സിനി മുറിക്കുള്ളില്‍ കയറി വാതിലടച്ചതായാണ് പറയപ്പെടുന്നത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചെത്തിയ പോലീസ്, അധ്യാപികയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീടു വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയശേഷം പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയിലാണു താന്‍ അധ്യാപികയുടെ വീട്ടിലെത്തിയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
സിനിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഏകമകള്‍ ബികോമിന് പഠിക്കുകയാണ്. മകളെ തന്ത്രപരമായി ഭര്‍ത്താവിന്റെ സഹോദരന്റെ വീട്ടില്‍ പറഞ്ഞുവിട്ടിട്ടാണ് യുവാവിനെ വിളിച്ചു വരുത്തിയത്. ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട നാള് മുതല്‍ യുവാവുമായി നിരന്തരം ചാറ്റ് ചെയ്യുമായിരുന്നു. പിന്നീട് ഫോണ്‍ നമ്പര്‍ കൈമാറുകയും ചാറ്റ് പതിയെ കോള്‍ വിളിയിലേക്ക് മാറുകയും ചെയ്തു. അങ്ങനെയാണ് ശനിയാഴ്ച വീട്ടിലേക്ക് വരുവാന്‍ യുവാവിനോട് സിനി ആവശ്യപ്പെട്ടത്. വീട്ടിലെത്തിയ യുവാവ് ഏറെ ലൈംഗിക പീഡനത്തിനിടയായി എന്നാണ് പൊലീസ് പറയുന്നത്. അയ്യോ എന്നെ കൊല്ലുന്നേ എന്ന് പറഞ്ഞുള്ള നിലവിളിയാണ് ആദ്യം കേട്ടതെന്ന് അയല്‍ വീട്ടുകാര്‍ പറഞ്ഞു. അവര്‍ എത്തിയപ്പോള്‍ വീടിനുള്ളില്‍ എന്തൊക്കെയോ തട്ടി മറിയുന്ന ഒച്ചയാണ് കേട്ടത്. കതകില്‍ തട്ടി വിളിച്ചപ്പോള്‍ യുവാവ് അലറി വിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. നാട്ടുകാരെ കണ്ടതോടെ സിനി റൂമിനുള്ളിലേക്ക് കയറി വാതിലടക്കുകയായിരുന്നു. നാട്ടുകാരോട് യുവാവ് കാര്യങ്ങള്‍ വിശദീകരിച്ചതോടെ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. അപ്പോഴേക്കും സിനി തൂങ്ങി മരിച്ചിരുന്നു. ഇരവിപുരം എസ്.എച്ച.ഒ ബി.പങ്കജാക്ഷന്റെ നേതൃത്വത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

