മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി പുതിയതായി നിരത്തില്‍ ഇറക്കിയ ഇലക്ട്രിക് ബസിന് മൂവാറ്റുപുഴ ഡിപ്പോയില്‍ സ്വീകരണം നല്കി.രാവിലെ 7.30ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ബസ് കോലഞ്ചേരി വഴി മൂവാറ്റുപുഴയില്‍ എത്തിച്ചേര്‍ന്നത്. മൂവാറ്റുപുഴ ഡിപ്പോയില്‍ നടന്ന സ്വീകരണത്തിന് നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന് വാര്‍ഡ് മെമ്പര്‍ ഷൈലജ അശോകന്, മൂവാറ്റുപുഴ എ.ടി.ഒ കെ.ജി.ജയകുമാര്‍, ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ കെ.പി.സാജു, ഡിപ്പോ എഞ്ചിനീയര്‍ പി.പി.മാര്ട്ടിന് എന്നിവര്‍ നേതൃത്വം നല്കി.
കെ എസ് ആര് ടി സി.യുടെ ഇലക്ട്രിക് ബസ് എറണാകുളത്തു നിന്നും മൂന്നാറിനാണ് സര്‍വീസ് നടത്തിയത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ കണ്ടതോടെ വണ്ടി അടുത്ത് കാണുവാനും കയറി നോക്കുവാനും ധാരാളം ആളുകള്‍ കൂടി. ജൂണ്‍ 18 മുതലാണ് സര്‍വീസ് ആരംഭിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിച്ചത്. അതിനുശേഷം കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സര്‍വീസ് നടത്തുന്നതിന്റെ ഭാഗമായാണ് സര്‍വിസ്.
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എഎസ്ആര്‍ടിയുവിന്റെ റേറ്റ് കരാര്‍ ഉള്ള ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് ട്രയല്‍ റണ്‍ നടത്തുന്നത്. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസില്‍ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കര്‍ണാടക, ആന്ധ്ര, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് പരീക്ഷണ സര്‍വീസ് നടത്തുന്നത്.
ചൈനീസ് നിര്‍മാതാവായ ബിവൈഡിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ബസുകള്‍ നിര്‍മിക്കുന്നത്. ഏറെ നാളുകളായി ഇലക്ട്രിക്ക് ബസുകള്‍ നിരത്തിലിറക്കാന്‍ കെഎസ്ആര്‍ടിസി ആലോചിച്ചിരുന്നെങ്കിലും നടപടികള്‍ ഇഴയുകയായിരുന്നു. സിഎംഡിയായി ടോമിന് ജെ തച്ചങ്കരി ചുമതലയേറ്റ ശേഷമാണു നടപടികള്‍ക്കു വേഗത വന്നത്.
സര്‍വീസ് വിജയകരമാണെങ്കില്‍ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകള്‍ സര്‍വീസിനിറക്കാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. 1.6 കോടിരൂപയാണ് ബസിന്റെ വില. ഇതു വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ ബസുകള്‍ വാടയ്ക്കെടുത്താണ് ഓടുന്നത്.
കണ്ടക്ടറെ കെഎസ്ആര്‍ടിസി നല്‍കും. കിലോമീറ്ററിനു നിശ്ചിത തുക വാടകയും നല്‍കും. അറ്റകുറ്റപ്പണി കമ്പനിയുടെ ചുമതലയാണ്. നാലു മണിക്കൂര്‍ കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ഓടും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം.ഡീസല്‍ ബസ്സുകള്‍ ക്രമേണ കുറച്ചുകൊണ്ടുവരുവാനാണ് കെ എസ ആര് ടി സി ഉദ്ദേശിക്കുന്നത്.


