തിരുവനന്തപുരം മേനംകുളത്തെ കിന്‍ഫ്രാ പാര്‍ക്കില്‍ ഇന്ന് 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കിന്‍ഫ്രാ യൂണിറ്റിലെ 300 പേരില്‍ കൊവിഡ് പരിശോധന നടത്തിയപ്പോള്‍ ആണ് 88 പേര്‍ക്കും കൊവിഡ് വൈറസ് ബാധ കണ്ടെത്തിയത്. സെക്രട്ടേറിയറ്റില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ഇന്നലെയും സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിക്കെത്തിയിരുന്നുവെന്നാണ് വിവരം. ഇയാളുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തെ പൂവാര്‍ ഫയര്‍ സ്റ്റേഷനില്‍ ഒന്‍പത് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

