തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് മുന്‍കൂട്ടി ആറ്റിങ്ങല്‍ നഗരസഭ സി.എഫ്.എല്‍.റ്റി.സി സെന്റെറര്‍ സജ്ജമാക്കി. ആറ്റിങ്ങല്‍ ഗവ. സ്പോര്‍ട്ട്സ് ഹോസ്റ്റലിലാണ് നൂറ്റന്പതോളം പേരെ കിടത്തി ചികിത്സിക്കാനാവശ്യമായ സൗകര്യമൊരുക്കിയത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെയും ആറ്റിങ്ങല്‍ ടൗണ്‍ ഡി.വൈ.എഫ്.ഐ വോളന്റിയര്‍മാരുടെയും നേതൃത്വത്തിലാണ് കെട്ടിടം ശുചീകരിച്ച് ചികില്‍സക്കാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കിയത്. വലിയകുന്ന് താലൂക്കാശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്നതിനാല്‍ എന്തുകൊണ്ടും ഈ കേന്ദ്രം ചികിത്സക്കനുയോജ്യമായതാണ്.
നിലവില്‍ ഈ സെന്റെറില്‍ ആദ്യഘട്ട ചികില്‍സാ പട്ടികയില്‍ ഉള്‍പ്പെട്ട 150 പേരെ ചികില്സിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. രോഗികളുടെ എണ്ണത്തില്‍ വരുന്ന വര്‍ദ്ധനവിന് അനുസരിച്ച് പുതിയ കേന്ദ്രങ്ങള്‍ തുറക്കാനും നഗരസഭ സജ്ജമാണെന്നും ചെയര്മാന് എം.പ്രദീപ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കൂടാതെ ഇങ്ങനെയുള്ള കേന്ദങ്ങളില്‍ നഗരസഭയുടെ മോണിറ്ററിംഗ് കമ്മിറ്റിയുടെ സേവനവും ലഭ്യമാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ്. മനോജ് പറഞ്ഞു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ഹാസ്മി, അഭിനന്ദ്, ജയന്, അജി, ഡി.വൈ.എഫ്.ഐ വോളന്റിയര്‍മാരായ വിഷ്ണുചന്ദ്രന്‍, പ്രശാന്ത്, സംഗീത്, അനസ്, ശങ്കര്‍, സംഗീത്, ചിഞ്ചു, അഖില്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

