ആർ ശ്രീലേഖയെയും ശങ്കർ റെഡ്ഡിയെയും ഡിജിപിമാരായി നിയമിച്ചു. ഫയർ ആന്റ് റെസ്ക്യൂ മേധാവിയായാണ് ആർ ശ്രീലേഖയെ നിയമിച്ചിരിക്കുന്നത്. ശങ്കർ റെഡ്ഡി റോഡ് സുരക്ഷാ കമ്മിഷണറായി തുടരും.
ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയാണ് ആർ ശ്രീലേഖ. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. ചേർത്തല, തൃശൂർ എന്നിവിടങ്ങളിൽ എഎസ്പിയായും തൃശൂർ, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് എഐജിയായും ജോലി ചെയ്തിട്ടുണ്ട്. നാലുവർഷത്തോളം സിബിഐ കൊച്ചി യൂണിറ്റിൽ ജോലി ചെയ്തിരുന്നു. എറണാകുളം റെയിഞ്ച് ഡിഐജിയായിരുന്നതിന് ശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും ജോലി ചെയ്തു. റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു ആർ ശ്രീലേഖ.