കേരളത്തില്‍ പൊതു ഗതാഗതം ഉടന്‍ ഉണ്ടാകില്ലെങ്കിലും ജില്ലയ്ക്കുള്ളില്‍ ഹ്രസ്വദൂര സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്. ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയാവും ജില്ലക്കകത്ത് ബസ് സര്‍വീസ് നടത്തുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നിബന്ധനകള്‍ പാലിച്ച് ബസിന്റെ കപ്പാസിറ്റി അനുസരിച്ച് ഒരു ബസില്‍ 20-നും 24-നും ഇടയില്‍ യാത്രക്കാര്‍ മാത്രമേ പാടുള്ളൂ. ബസിന്റെ ചാര്‍ജ് ഇരട്ടിയായിരിക്കും. അതേസമയം, മിനിമം ചാര്‍ജ് ഇരട്ടിയാക്കില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഓട്ടോ സര്‍വീസും അനുവദിക്കും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടുകൂടാ എന്നതാണ് മോട്ടോര്‍ വാഹന വകുപ്പ് എടുത്ത തീരുമാനം. എന്നാല്‍, പൊതു ജീവിതം സ്തംഭിക്കാതിരിക്കാനാണ് പരിമിത ഗതാഗത സൗകര്യങ്ങള്‍ ആരംഭിക്കാനുള്ള നീക്കം നടത്തുന്നതെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
അതേസമയം, ജില്ലകള്‍ കടന്നുള്ള യാത്രക്ക് പാസെടുക്കണമെന്ന നിലവിലുള്ള രീതി തുടരും. അന്തര്‍ ജില്ലാ യാത്രക്ക് നിലവില്‍ ഓണ്‍ലൈന്‍ വഴി പാസെടുക്കാനുള്ള സംവിധാനമുണ്ട്. സ്വകാര്യ വാഹനങ്ങളാണ് ഇത്തരത്തില്‍ പാസെടുക്കേണ്ടത്. പാസെടുക്കുന്നതിന് നേരത്തെയുള്ള ചട്ടങ്ങള്‍ അതേപടി തുടരും.


