തിരുവനന്തപുരം: ലോക്ക് ഡൗണിൽ ലക്ഷദ്വീപിൽ അകപ്പെട്ട തൊഴിലാളികൾ തിരികെ സ്വന്തം നാടുകളിലേക്ക് പോകുമ്പോൾ യാത്ര ചിലവ് കോൺഗ്രസ് ലക്ഷദ്വീപ് ഘടകം നൽകുമെന്ന് ലക്ഷദ്വീപ് ടെറിറ്റോറിയൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മുൻ എം.പി ഹംദുള്ള സഈദ് അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആഹ്വാന പ്രകാരം ഇത് സംബന്ധിച്ച കത്ത് ലക്ഷദ്വീപ് ജില്ലാ കലക്ടർക്ക് കോൺഗ്രസ് നൽകി. ലക്ഷദ്വീപിൽ കേരളത്തിൽ നിന്ന് ഉൾപ്പടെയുള്ള നൂറുകണക്കിന് പേർ വിവിധ ദ്വീപുകളിൽ കുടുങ്ങി കിടപ്പുണ്ട്. ഇവരെ നാടുകളിലേക്ക് മടക്കി അയക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ഹംദുള്ള സഈദ് അധികൃതരോട് ആവശ്യപ്പെട്ടു. കേരളത്തിലും മംഗലാപുരത്തും കുടുങ്ങി കിടക്കുന്ന ദ്വീപ് നിവാസികൾക്കും കോൺഗ്രസ് സഹായം എത്തിച്ചു നൽകി.

